കേരളം
കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനക്കായി ഫോറൻസിക്കിന് അയച്ചു
കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനക്കായി ഫോറൻസിക്കിന് അയച്ചു. പോസ്റ്റ്മാർട്ടത്തിൽ കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. അഴുകിയ മൃതദേഹഭാഗങ്ങൾ പലയിടത്തായത് മൃഗങ്ങൾ കടിച്ചുകൊണ്ടിട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയോടെ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. മൃതദേഹം കത്തിക്കരിഞ്ഞ് അഴുകിയതിനാൽ പോസ്റ്റ്മാർട്ടത്തിൽ മരണകാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനാലാണ് വിദഗ്ധ പരിശോധനക്കായ് മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചത്. ആത്മഹത്യയാകാനാണ് സാധ്യതയെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കാലുകൾ മൃഗങ്ങൾ കടിച്ച് കൊണ്ട് പോയി രണ്ടിടത്തായി ഇട്ടതാകാനുള്ള സാധ്യതയാണ് പൊലീസ് മുന്നിൽ കാണുന്നത്. മരിച്ച രാജീവന്റെ സുഹൃത്തുക്കളെയും നാട്ടുകാരെയും സംശയമുള്ള മറ്റുള്ളവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഞായറാഴ്ച്ച രാവിലെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ രാജീവന്റെ മൃതദേഹം കത്തികരിഞ്ഞ് അഴുകിയ നിലയിൽ കണ്ടെത്തിയത്. പുതിയേടത്ത് താഴത്ത് ആൾ താമസമില്ലാത്ത വീടിന് സമീപത്തെ വയലിൽ നിന്നാണ് മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയത്. ആദ്യം കാലുകളും പിന്നീട് ഡ്രോൺ പരിശോധനയിൽ അരയ്ക്ക് മുകളിലുള്ള ഭാഗവും കണ്ടെത്തുകയായിരുന്നു. സ്ഥിരമായി മദ്യപസംഘമെത്തുന്ന സ്ഥലത്ത് 3 ദിവസത്തോളമായി ഇവരുടെ ശല്യമുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിലാണോ മരണകാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.