കേരളം
‘കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു, പിടിയിലായവരുമായി ഒരു ബന്ധവുമില്ല’; ആവർത്തിച്ച് റെജി
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് ഇന്നലെ വരെ കേട്ടതിൽ നിന്ന് ഏറെ വിഭിന്നമായ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായവരുമായി ഒരു ബന്ധവും ഇല്ലെന്ന് ആവർത്തിച്ച് പറയുകയാണ് കുട്ടിയുടെ പിതാവ് റെജി. ചാത്തന്നൂർ ഭാഗത്ത് തനിക്ക് അറിയുന്ന ആരും ഇല്ല. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞുവെന്നും റെജി റിപ്പോർട്ടറിനോട് പറഞ്ഞു.
പിടിയിലായ സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ്. പ്രതികളായ പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പല കുട്ടികളെയും തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയൽ കിഡ്നാപ്പിംഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ആദ്യം കേബിൾ ഓപ്പറേറ്ററായിരുന്ന പത്മകുമാർ പിന്നീട് റിയൽ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാൾക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.
റെജിയോടുള്ള വൈരാഗ്യമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് ആദ്യം പത്മകുമാർ മൊഴി നല്‍കിയത്. മകള്‍ അനുപമയ്ക്ക് വിദേശത്ത് നഴ്സിംഗ് അഡ്മിഷന് ലഭിക്കുന്നതിനായി ഒഇടി പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് റെജിക്ക് പണം നല്‍കിയിരുന്നുവെന്നാണ് മൊഴി. എന്നാല്‍ പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്നും ഇത് വൈരാഗ്യം ഉണ്ടാകാനിടയായെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്കി.ഈ പണം തിരികെ ലഭിക്കാനാണ് റെജിയുടെ ആറ് വയസ്സുകാരി മകളെ തട്ടികൊണ്ടുപോയതെന്നും അവരുടെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണ് പറഞ്ഞത്. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച മകള്‍ക്ക് എങ്ങനെയാണ് വിദേശത്ത് നഴ്സിംഗ് പഠിക്കാനാവുകയെന്ന ചോദ്യം ഉയർന്നു. അതുകൊണ്ട് തന്നെ പത്മകുമാറിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ലായിരുന്നു.