കേരളം
169-ാം ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി
169-ാം ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. തുല്യമായ സാമൂഹ്യ നീതി ഇപ്പോഴും കേരളത്തിലുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് തമ്പുരാൻ കോട്ടയാണെന്നും ശിവഗിരിമഠത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വിമർശിച്ചു. വർഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തിയിലും ശിവിഗിരിയിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു. ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനത്തിലാണ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ വേദിയിലിരുത്തി ശ്രീനാരയണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വിമർശനം ഉന്നയിച്ചത്. ക്ഷേത്രങ്ങളിൽ പൂജ നടത്താനും ക്ഷേത്രത്തിന്റെ അധികാരവും എല്ലാവർക്കും ഒരുപോലെ ലഭിക്കണം. തുല്യമായ സാമൂഹ്യനീതി കേരളത്തിലുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് ഇപ്പോഴും തമ്പുരാൻകോട്ടയാണെന്നും സ്വാമി സച്ചിദാനന്ദ.
ജാതിമത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വെല്ലുവിളി ഉയർത്തുന്നുന്നെ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വർഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ശ്രീനാരായണഗുരു വിഭാവനം ചെയ്ത സമൂഹമാകാൻ ഈ വെല്ലുവിളികൾ എല്ലാം മറികടക്കണന്നെും മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തിയിൽ നടന്ന ശ്രീനാരയണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം ചെമ്പഴന്തിയിൽ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധയിടങ്ങളിൽ ജയന്തിഘോഷയാത്രയും നടക്കും.