കേരളം
വിഴിഞ്ഞത്ത് സംഘര്‍ഷത്തില്‍ അയവ്; അതീവ ജാഗ്രതാ നിര്‍ദേശം; ഇന്ന് സമാധാന ചര്‍ച്ച
വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ അയവു വന്നതായി പൊലീസ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ 36 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. നിരവധി പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തുടരുകയാണ്.
ശനിയാഴ്ച നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പുകള്‍ തകര്‍ക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. പൊലീസിന്റെ 4 ജീപ്പ്, 2 വാന്‍, 20 ബൈക്കുകള്‍, സ്‌റ്റേഷനിലെ ഓഫിസ് മുറികളിലെ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ സമരക്കാര്‍ നശിപ്പിച്ചു.
സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ പ്രതിഷേധക്കാരെ മാറ്റുന്നതിനായി പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഇതോടെ ചിതറിയോടിയ സമരക്കാര്‍ വീണ്ടും സ്‌റ്റേഷനു മുന്നില്‍ തിരിച്ചെത്തി. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.