കേരളം
സംസ്ഥാന കോൺഗ്രസിലെ പൊട്ടിത്തെറിക്ക് താത്കാലിക ആശ്വാസം പുനസംഘടന വീണ്ടും നീണ്ടേക്കും
സംസ്ഥാന കോണ്‍ഗ്രസിലെ വലിയ പൊട്ടിത്തെറിക്ക് താല്‍കാലിക ശമനം. കേന്ദ്രനേതൃത്വത്തിന്‍റെ ശക്തമായ ഇടപെടലാണ് കേരളത്തിലെ പ്രശ്നങ്ങളെ ലഘൂകരിച്ചത്. അതേസമയം പുനസഘടനയ്ക്കുള്ള സ്ക്രീനിങ് കമ്മിറ്റിയിലെ അംഗങ്ങള്‍ ആരൊക്കെ എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. റായ്പൂര്‍ പ്ലീനറിക്കിടെയാണ് കേരളത്തിലെ നേതാക്കളുടെ തമ്മിലടി തുടങ്ങിയത്. കെപിസിസി നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവനയും അതേതുടര്‍ന്നുണ്ടായ അച്ചടക്ക നടപടികളും ചേരിതിരിഞ്ഞുള്ള അടിയിലേക്ക് നീണ്ടു.
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടത്തിലാണ് എഐസിസി നേതൃത്വം ഇടപെട്ടത്. പ്രശ്നപരിഹാരത്തിന് സംഘടനാ ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തിയതോടെ ഇടഞ്ഞുനിന്ന നേതാക്കളെല്ലാം വഴങ്ങി. പുനസംഘടനയോട് നിസഹരിക്കുമെന്ന് തോന്നിച്ചയിടത്തു നിന്ന് ഗ്രൂപ്പ് നേതാക്കളും മടങ്ങി. പാര്‍ട്ടി പുനസംഘടന ഉള്‍പ്പടെ എല്ലാം ഭംഗിയായി നടക്കുന്നുവെന്നാണ് ഇന്ന് എംകെ രാഘവന്‍റെ പ്രതികരണം
പ്രശ്നങ്ങളില്ലെന്ന് പറയുമ്പോഴും പുതുതായി രൂപീകരിക്കുന്ന സ്ക്രീനിങ് കമ്മിറ്റിയില്‍ ആരൊക്കെയെന്നതില്‍ ആശയക്കുഴപ്പമുണ്ട്. ഡിസിസി ഭാരവാഹികളെ തീരുമാനിക്കാനുള്ള പട്ടിക ജില്ലാതല സമിതികള്‍ പൂര്‍ണമായും നല്‍കിയിട്ടില്ല. നല്‍കിയവരാകട്ടെ 35 ഭാരവാഹികള്‍ വേണ്ടിടത്ത് അമ്പതിലേറെപ്പേരുടെ ലിസ്റ്റാണ് നല്‍കിയത്. ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒന്നുമുതല്‍ അഞ്ചുവരെ പേരുകളുമുണ്ട്. ഈ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുകയാണ് സ്ക്രീനിങ് കമ്മിറ്റിയുടെ ചുമതല. അതേസമയം വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാംവാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി നേതാക്കളെല്ലാം തിരക്കിലായതിനാല്‍ പുനസംഘടന വീണ്ടും നീണ്ടേക്കും