കേരളം
സംസ്ഥാനത്ത് കര്‍ക്കടക വാവുബലിക്കൊരുങ്ങി ക്ഷേത്രങ്ങള്‍; വയനാട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
സംസ്ഥാനത്ത് കര്‍ക്കടക വാവുബലിക്കായി ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ആലുവ മണപ്പുറത്ത് ദേവസ്വം ബോര്‍ഡ് 80 ബലിത്തറകള്‍ സജ്ജീകരിക്കും. 75 രൂപയാണ് ബലിതര്‍പ്പണത്തിനുള്ള നിരക്ക്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും ക്ഷേത്രങ്ങളില്‍ വാവുബലി നടന്നില്ല. അതിനാല്‍ ഇത്തവണ ഭക്തജനത്തിരക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടിന് ബലിതര്‍പ്പണം തുടങ്ങും. 30 ബലിത്തറകള്‍ ഉണ്ടാകും. ഒരേസമയം ആയിരം പേര്‍ക്ക് ബലിയിടാം.
അതേസമയം കർക്കടക വാവുബലിയുടെ ഭാഗമായി വയനാട്ടിലെ കാട്ടിക്കുളം, തിരുനെല്ലി, പൊൻകുഴി എന്നിവിടങ്ങളിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തും. 27, 28 തീയതികളിൽ കാട്ടിക്കുളം മുതൽ തിരുനെല്ലി വരെയും 28-ന് മുത്തങ്ങ ആർടിഒ ചെക്പോസ്റ്റ് മുതൽ മൂലഹള്ള വരെയുമാണ് നിയന്ത്രണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
27-ന് ഉച്ചയ്ക് രണ്ടുമുതൽ 28-ന് ഉച്ചയ്ക്ക് 12 മണിവരെ ബലിതർപ്പണത്തിന് എത്തുന്ന സ്വകാര്യ, ടാക്‌സി വാഹനങ്ങൾ കാട്ടിക്കുളത്തുനിന്ന് തിരുനെല്ലിയിലേക്ക് പോകാൻ അനുവദിക്കില്ല. 27, 28 തീയതികളിൽ കാട്ടിക്കുളത്തുനിന്ന് തിരുനെല്ലി അമ്പലത്തിലേക്ക് 31 കെഎസ് ആർ ടി സി ബസുകൾ സർവീസ് നടത്തും.
ബത്തേരി ഭാഗത്തുനിന്ന് ഗുണ്ടൽപ്പേട്ട് ഭാഗത്തേക്ക് പോകുന്ന ചരക്കുലോറികളും ഹെവി വാഹനങ്ങളും 28-ന് രാവിലെ 11 മണിക്കുശേഷം മാത്രമേ മുത്തങ്ങ ആർടിഒ ചെക്പോസ്റ്റ് കടന്നുപോകാവൂ. 27, 28 തീയതികളിൽ ബലിതർപ്പണത്തിനായി പോവാൻ ബത്തേരിയിൽനിന്ന് പൊൻകുഴി അമ്പലത്തിലേക്ക് 11 കെഎസ് ആർ ടി സി ബസുകൾ സർവീസ് നടത്തും.