കേരളം
രാജ്യത്തെ മിക്കയിടങ്ങളിലും ചൂട് പതിവിലും കൂടും; കേരളത്തിൽ ആശ്വാസത്തിനു വക
ഈ വേനലിൽ രാജ്യത്തെ മിക്കയിടങ്ങളിലും ചൂട് പതിവിലും കൂടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി.) മുന്നറിയിപ്പ്. എന്നാൽ, കേരളമുൾപ്പെടുന്ന തെക്കൻ മേഖലയിലും മധ്യ ഇന്ത്യയിലും നേരിയ ആശ്വാസത്തിനു വകയുണ്ട്. ഇവിടെ പൊതുവേ ശരാശരി ചൂടിൽ അല്പം കുറവുണ്ടാകാമെന്നാണ് ഐ.എം.ഡി.യുടെ നിഗമനം.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ചൂടിന്റെ വ്യതിയാനം വ്യക്തമാക്കി തിങ്കളാഴ്ച ഐ.എം.ഡി. പുറത്തുവിട്ട പ്രവചനപ്രകാരം കേരളത്തിലെ പകൽച്ചൂട് പതിവിലും 0.51 ഡിഗ്രി കുറവായിരിക്കും. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് 0.8 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. അതേസമയം, കേരളമുൾപ്പെടുന്ന തെക്കൻ മേഖലയിൽ പുലർകാലത്തെ ചൂട് 0.14 ഡിഗ്രി സെൽഷ്യസ് കൂടാൻ നേരിയ സാധ്യതയുണ്ട്. അതായത്, കേരളത്തിൽ അസാധാരണമായ ചൂട് ഇത്തവണ അനുഭവപ്പെടാനിടയില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 120 വർഷത്തെ ഏറ്റവും കൂടിയതോതിൽ മഴ പെയ്തതിനാൽ കേരളത്തിൽ കഴിഞ്ഞമാസം പൊതുവേ ചൂട് കൂടിയിരുന്നില്ല.
പസഫിക് സുമദ്രത്തിൽ മിതമായ ലാ നിന പ്രതിഭാസം നിലവിലുണ്ട്. സമുദ്രോപരിതലത്തിലെ ഊഷ്മാവ് സാധാരണയിലും കുറഞ്ഞിരിക്കുന്ന പ്രതിഭാസമാണിത്. മാർച്ച് മുതൽ മേയ് വരെ ഇതു നിലനിൽക്കും. ഈ പ്രതിഭാസം കാരണം കേരളമുൾപ്പെടുന്ന തെക്കൻ മേഖലയിൽ കൂടുതൽ വേനൽമഴയ്ക്കും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.
കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തെക്കൻ മേഖലയിൽ ഉൾപ്പെടുന്നത്. തമിഴ്നാട്ടിൽ പരമാവധി ചൂട് പതിവിലും 0.35 ഡിഗ്രി സെൽഷ്യസ് കുറവായിരിക്കും. കർണാടകത്തിൽ 0.57 ഡിഗ്രിയും ആന്ധ്രാപ്രദേശിൽ 0.33 ഡിഗ്രിയും കുറയും.
ഛത്തീസ്ഗഢിലും ഒഡിഷയിലുമാണ് ചൂടിൽ ഏറ്റവും കൂടുതൽ വ്യതിയാനത്തിന് സാധ്യതയുള്ളത്. ഛത്തീസ്ഗഢിൽ 0.8 ഡിഗ്രിയും ഒഡിഷയിൽ 0.66 ഡിഗ്രിയും കൂടും.
കേരളത്തിൽ ഇക്കൊല്ലം ജനുവരിമുതൽ മാർച്ച് ഒന്നുവരെയുള്ള കാലയളവിൽ പകൽച്ചൂട് ഏറ്റവും കൂടിയത് ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ്. ആലപ്പുഴയിൽ ദീർഘകാല ശരാശരിയിൽനിന്ന് 3.3 ഡിഗ്രി സെൽഷ്യസും കോട്ടയത്ത് 3.1 ഡിഗ്രിയും കോഴിക്കോട്ട് 2.1 ഡിഗ്രിയുമാണ് ചൂടു കൂടിനിൽക്കുന്നത്. കോട്ടയത്തും ആലപ്പുഴയിലും ചൊവ്വാഴ്ചയും പതിവിലും രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ ചൂടു കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.