കേരളം
കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണത്തിൽ അട്ടിമറി ആരോപണം
മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ കാലടി സർവകലാശാല പി എച്ച് ഡി പ്രവേശനം സംബന്ധിച്ച സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു എന്ന് ആരോപണം. സിപിഎം എംഎൽഎ കെ. പ്രേംകുമാർ കൺവീനറായ സമിതി നാളിതുവരെ കാര്യമായ യാതൊരു പരിശോധന തുടങ്ങിയില്ല. അന്വേഷണം സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്ന് ഉപസമിതി അംഗമായ ഡോ. മോഹൻദാസ് പറഞ്ഞു.
വ്യാജ രേഖക്കേസിൽ എസ് എഫ് ഐ നേതാവ് കെ വിദ്യ പ്രതിയായതോടെയാണ് 2019ലെ കാലടി സർവകലാശാലയിലെ പി എച്ച് ഡി പ്രവേശനവും വിവാദത്തിലായത്. സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് വിദ്യയ്ക്ക് മലയാളം വിഭാഗത്തിൽ ഗവേഷണത്തിന് പ്രവേശനം നൽകിയതെന്നായിരുന്നു പരാതി. ഇത് പരിശോധിക്കാനാണ് സിൻഡിക്കേറ്റ് അംഗമായ ഒറ്റപ്പാലം എം എൽ എ കെ പ്രേംകുമാർ കൺവീനറായി മൂന്നംഗ ഉപസമിതിയെ കഴിഞ്ഞ ജൂൺ 9ന് വൈസ് ചാൻസലർ ചുമതലപ്പെടുത്തിയത്.
എന്നാൽ അന്വേഷണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ഉപസമിതി അംഗമായ ഡോ. മോഹൻദാസ് പ്രതികരിച്ചത്. വിദ്യയ്ക്കെതിരായ ആരോപണത്തീ തല്ലിക്കെടുത്താനാണ് ഉപസമിതിയെ നിയോഗിച്ചതെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നതാണ്. കോളജ് ജോലിക്കായി വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് വിദ്യയ്ക്കെതിരെ കരിന്തളം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും സിൻഡിക്കേറ്റ് ഉപസമിതി ഇതൊന്നും അറിഞ്ഞ മട്ടില്ല.