കേരളം
സ്വിഫ്റ്റ് ബസിന് 110 കിലോമീറ്റര്‍ സ്പീഡില്‍ പറക്കാം; നിയമത്തിൽ അവ്യക്തത
കേരളത്തിലെ സംസ്ഥാന പാതകളിലും ദേശിയ പാതകളിലും ഹെവി പാസഞ്ചർ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 65 കിലോമീറ്ററും നാലുവരി പാതകളിൽ മണിക്കൂറിൽ പരമാവധി 70 കിലോമീറ്ററുമായി നിജപ്പെടുത്തുന്ന മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ ഉള്ളപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസായ സ്വിഫ്റ്റ് ബസിന് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള ഒത്താശ ചെയ്ത് നൽകി കെ.എസ്.ആർ.ടി. സ്വിഫ്റ്റ് സപെഷ്യൽ ഓഫീസറാണ് നിർദേശം ഇറക്കിയിരിക്കുന്നത്.
സ്വിഫ്റ്റ് ബസുകളുടെ പ്രവർത്തനം സംബന്ധിച്ച് ജൂലൈ മാസത്തിൽ പുറത്തിറക്കിയ നിർദേശത്തിലാണ് ഇക്കാര്യം പരാമാർശിച്ചിരിക്കുന്നത്. സർവീസുകളുടെ ഷെഡ്യൂൾ സമയം സ്റ്റേഷനിലും ബസുകളിലും പ്രദർശിപ്പിക്കാനും ബസുകളുടെ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 110 കിലോമീറ്റർ ആയി വർധിപ്പിക്കാനും ഇടയ്ക്കുള്ള ടെർമിനൽ ഗ്യാപ്പ് വർധിപ്പിക്കുവാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകൾ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കുറ്റമറ്റ ഓപ്പറേഷൻ നടത്താൻ സ്പെഷ്യൽ ഓഫീസർ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.
ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത്തരത്തിലുള്ള നിർദേശം ഉയർന്നതെന്നാണ് റിപ്പോർട്ട്. ഇതിനുപിന്നാലെ കെ.എസ്.ആർ.ടി.സിയാണ് നിർദേശം ഇറക്കിയിരിക്കുന്നത്. ദീർഘദൂര-അന്തർ സംസ്ഥാന റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തണമെങ്കിൽ ഇത്രയും ഉയർന്ന സ്പീഡിൽ യാത്ര ചെയ്യണമെന്ന വിലയിരുത്തലിനെ തുടർന്നാണ് സ്പീഡ് ലിമിറ്റ് ഉയർത്താൻ നിർദേശം നൽകിയതെന്നാണ് സൂചന.
കെ.എസ്.ആർ.ടി.സിയുടെ അതിവേഗ സർവീസുകളായി വിലയിരുത്തപ്പെടുന്നത് മിന്നൽ, സ്വിഫ്റ്റ് സർവീസുകളാണ്. ഈ ബസുകൾക്ക് ഏറ്റവും നല്ലതെന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന നാലുവരി പാതകളിൽ പോലും അനുവദിച്ചിട്ടുള്ള വേഗതയുടെ പകുതിയിൽ അധികം വേഗത എടുക്കാൻ അനുമതി നൽകുന്ന ഉത്തരവാണ് കെ.എസ്.ആർ.ടി.സി. ഇറക്കിയിരിക്കുന്നത്. അതേസമയം, ബസുകളിൽ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവർണറിൽ മണിക്കൂറിൽ 80 കിലോമീറ്ററായി വേഗത നിയന്ത്രിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് എതാനും മാസങ്ങൾ മുമ്പ് എടുത്ത തീരുമാനവും ഇത് സംബന്ധിച്ച് നിർദേശം നൽകിയതിന്റെ പകർപ്പും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ, മോട്ടോർ വാഹന നിയമങ്ങൾ സംബന്ധിച്ച് ഈ നിർദേശം തെറ്റാണെന്ന് ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഇതുവരെ ഈ നിർദേശം പിൻവലിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തിൽ ഇത് തിരുത്തിയേക്കുമെന്നും സൂചനയുണ്ട്.