കേരളം
സ്വപ്ന സുരേഷ് ഇ മെയില്‍ പാസ്വേഡ് മാറ്റി; വിവരങ്ങള്‍ കിട്ടുന്നില്ലെന്ന് ഇഡി എന്‍ഐഎ കോടതിയില്‍
സ്വപ്ന സുരേഷിന്റെ ഇ മെയില്‍ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്‍ ഐഎ കോടതിയില്‍ അപേക്ഷ നല്കി. സ്വപ്ന സുരേഷ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലായിരുന്ന സമയത്ത് എന്‍ഐഎ മെയില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പാസ്വേര്ഡ് മാറ്റിയതോടെ സ്വപ്ന ഒഴികെ മറ്റാര്‍ക്കും വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷണം തുടരുന്നതിനാല്‍ മെയില്‍ വിവരങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹർജി. നേരത്തെ, ഡോളര്‍ കടത്തുക്കേസില്‍ സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപേക്ഷ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് അപേക്ഷ തള്ളിയിരുന്നു.
ഡോളര്‍ കടത്തുകേസില്‍ അന്വേഷണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക് നല്കാന് സാധിക്കില്ലെന്നാണ് കോടതി ഉത്തരവിട്ടത്. രാവിലെ വാദം നടന്നപ്പോള്‍ ഇക്കാര്യം കസ്റ്റംസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. രഹസ്യമൊഴി നല്‍കുന്നതിനെ അന്വേഷണ ഏജന്‍സിയായ കസ്റ്റംസ് എതിര്‍ക്കുകയും ചെയ്തു.
രഹസ്യമൊഴി നല്‍കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവാണ് കസ്റ്റംസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അന്വേഷണം പൂര്‍ത്തിയാവാത്ത കേസുകളില്‍ രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കരുതെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നതെന്ന് കസ്റ്റംസ് വാദിച്ചു. ഇത് കണക്കിലെടുത്താണ് പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നടപടി