ദേശീയം
മമതയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് തെര. കമ്മീഷന്‍
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമത ബാനര്‍ജിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മമതയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സസ്‌പെന്‍ഡ് ചെയ്തത്. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മമതയ്ക്ക് പരിക്കേറ്റത്.
ഡയറക്ടര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ വിവേക് സഹായ്‌ക്കെതിരെയായിരുന്നു നടപടി. ഡയറക്ടര്‍ സെക്യൂരിറ്റി സ്ഥാനത്തുനിന്നും വിവേകിനെ നീക്കിയശേഷമാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം ആക്രമണം അല്ലെന്നും അപകടമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
മമതയുടെ കാലിനാണ് പരിക്കേറ്റത്. ഏതാനും ബിജെപി പ്രവര്‍ത്തകര്‍ ബോധപൂര്‍വം തിക്കുംതിരക്കും സൃഷ്ടിച്ചതിനെത്തുടര്‍ന്നാണു മുഖ്യമന്ത്രി അപകടത്തില്‍പ്പെട്ടതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.
അതേസമയം മമത ബാനർജിയ്ക്ക് അപകടമാണ് ഉണ്ടായതെന്നും ആരും ആക്രമിച്ചതല്ലെന്നും റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മമതയെ ആരും തള്ളിയിട്ടതല്ലെന്നും അപകടം സംഭവിച്ചതാണെന്നും കഴിഞ്ഞ ദിവസം ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിന്റെ ചില വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് മമതയെ ആരും ആക്രമിച്ചിട്ടില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
കാറിൽ നന്ദിഗ്രാമിലേക്കെത്തിയ മമത ബാനർജി ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം തിരിച്ച് പോകാനൊരുങ്ങവെയായിരുന്നു അപകടം ഉണ്ടായത്. കാർ ചെറിയ ഒരു ഇരുമ്പ് തൂണിലിടിച്ചാണ് അപകടം ഉണ്ടായത്. വാതിലിനിടയിൽപ്പെട്ടാണ് മമതയുടെ കാലിന് പരിക്കേറ്റതെന്നും പോലീസ് പറയുന്നു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ നന്ദിഗ്രാമിലെത്തിയ തന്നെ നാല് പേർ ചേർന്ന് തള്ളിയിട്ടു എന്നായിരുന്നു മമതയുടെ ആരോപണം. കാറിലേയ്ക്ക് കയറുന്നതിനിടെ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു. തനിക്ക് ചുറ്റും പോലീസ് ഉണ്ടായിരുന്നില്ലെന്നും ഇത് ആസൂത്രിത ആക്രമണമായിരുന്നുവെന്നുമാണ് മമത പറയുന്നത്.