കേരളം
മീഡിയവൺ നൽകിയ ഹർജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്
സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ ഹർജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. ചാനൽ വിലക്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
ഹൈകോടതി വിധിക്ക് ആധാരമായ എല്ലാ രേഖകളും ഹാജരാക്കാനാണ് കോടതി നിർദേശിച്ചത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തിൽ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേൾക്കും. ചൊവ്വാഴ്ച തന്നെ ഇടക്കാല ഉത്തരവ് നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.ചൊവ്വാഴ്ച ഇടക്കാല ഉത്തരവിറക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈകോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു.