കേരളം
കൊട്ടിയൂര്‍ പീഡനം; ഹര്‍ജികളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി
കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതിയായ റോബിന് വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
അഞ്ചുമിനിറ്റിലാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചത്. വിവാഹം കഴിക്കാൻ ജാമ്യം എന്ന ആവശ്യവുമായാണ് പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരി ഹര്‍ജി സമര്‍പ്പിച്ചത്. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നാരുന്നു പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
റോബിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും ഇതിനായി അദ്ദേഹത്തിനു രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്നും പെണ്‍കുട്ടിയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇരുവരുടെയും പ്രായം കോടതി ആരാഞ്ഞു. റോബിന് 45ഉം ഇരയ്ക്ക് 25ഉം ആണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷന് അറിയിച്ചപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.