ദേശീയം
ബിൽക്കിസ് ബാനുവിന് നീതി; പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രിം കോടതി
ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളെ വെറുതെ വിട്ട നടപടി സുപ്രിം കോടതി റദ്ദാക്കി. ജസ്റ്റിസ് ബി.വി നാഗരത്ന അദ്ധ്യക്ഷയായ ബഞ്ചിനേതാണ് ഉത്തരവ്. ഇരയുടെ നിലവിലുള്ള സാമൂഹ്യ സാഹചര്യം ശിക്ഷാ ഇളവ് നൽകുന്നതിൽ പ്രധാനമാണ് എന്ന് കോടതി നിരീക്ഷിച്ചു. സാമൂഹ്യ പ്രവർത്തകർ കക്ഷി ചേർന്നത് അംഗീകരിച്ച കോടതി ശിക്ഷയിളവ് നൽകുന്നതിനു മുൻപ് വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു എന്ന് വിധി പ്രസ്താവത്തിൽ പറഞ്ഞു. ഉചിത സർക്കാർ എന്ന വിവർത്തനത്തിന്റെ പരിധിയിൽ വരിക ശിക്ഷ വിധിച്ച കോടതി നിലനിൽക്കുന്ന സംസ്ഥാനത്തെ സർക്കാർ.
കുറ്റകൃത്യം നടന്ന സംസ്ഥാനത്തിന്റെ പരിധിയിലുള്ള സർക്കാരിന് മാത്രം തീരുമാനം കൈക്കൊള്ളാനാവില്ല എന്നും കോടതി നിരീക്ഷിച്ചു. സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽക്കിസ് ബാനു കേസിലെ 11 പ്രതികൾ മോചിതരായത്. 2008ലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. തുടർന്ന് പ്രതികളിലൊരാളായ രാധേശ്യാം ഷാ താൻ 15 വർഷവും നാല് മാസവും ജയിലിൽ കഴിഞ്ഞുവെന്നും മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു. രാധേശ്യാമിന്റെ വിഷയം പരിശോധിക്കാൻ കോടതി ഗുജറാത്ത് സർക്കാറിന് നിർദേശം നൽകി. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് സർക്കാർ മുഴുവൻ പ്രതികളേയും മോചിപ്പിക്കുകയായിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്.