കേരളം
സപ്ലൈകോ പ്രതിസന്ധി; സർക്കാരിനെതിരെ സമരത്തിനൊരുങ്ങി തൊഴിലാളി യൂണിയന്
സപ്ലൈകോ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സംസ്ഥാനവ്യാപക സമരം തുടങ്ങാൻ എഐടിയുസി. സബ്ഡിസി ഉത്പന്നങ്ങൾ നാമമാത്രമായതോടെ വരുമാനനഷ്ടം നേരിടുന്ന താൽകാലിക ജീവനക്കാരെ അണിനിരത്തിയാണ് സിപിഐ തൊഴിലാളി യൂണിയന്റെ പ്രക്ഷോഭം തുടങ്ങുന്നത്.സംസ്ഥാനത്തെ പല സപ്ലൈകോ സ്റ്റോറുകളിലും 13 ഇന സബ്സിഡി ഉത്പന്നങ്ങളിൽ 5 എണ്ണം പോലും എവിടെയുമില്ല. സബ്സിഡി സാധനങ്ങളൊന്നുമില്ലെങ്കിൽ സപ്ലൈകോയിൽ ആള് കയറില്ല. കച്ചവടം കുറയുമ്പോൾ പ്രതിസന്ധിയിലാകുന്നത് സപ്ലൈകോ സ്റ്റോറുകളിലെ താൽകാലിക ജീവനക്കാരാണ്. ടാർഗറ്റ് തികയ്ക്കാതെ ഇവര്‍ക്ക് ശമ്പളം ലഭിക്കില്ല.
സപ്ലൈകോയ്ക്ക് സർക്കാരിൽ നിന്ന് കിട്ടാനുള്ളത് കോടികളാണ്. പ്രതിസന്ധി തീർന്ന് ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ എത്തുംവരെ താൽകാലിക ജീവനക്കാര്‍ മുണ്ട്മുറുക്കിയുടക്കണം എന്ന അവസ്ഥിയിലാണ്. ഇതിനോടകം പണി പോയവരുമുണ്ട്. സപ്ലൈകോയിലെ തൊഴിലാളികളുടെ പ്രബല സംഘടന സിപിഐ നേതൃത്വം നൽകുന്ന വർക്കേഴ്സ് ഫെഡറേഷനാണ്. സപ്ലൈകോ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരം തുടങ്ങാൻ ഒരുങ്ങുകയാണ് സംഘടന. ഞായറാഴ്ച കൊച്ചിയിൽ സംസ്ഥാന നേതൃയോഗം ചേർന്ന് യൂണിയൻ സമരം പ്രഖ്യാപിക്കും.
സബ്സിഡി സാധനങ്ങളുടെ വിലകൂട്ടണമെന്ന സപ്ലൈകോയുടെ ആവശ്യം സർക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോഴാണ് സിപിഐ സംഘടന തന്നെ പ്രതിഷേധവുമായി ഇറങ്ങുന്നത്. പാർട്ടി ഭരിക്കുന്ന വകുപ്പുകളോട് ധനവകുപ്പ് അടക്കം സ്വീകരിക്കുന്ന ചിറ്റമ്മ നയത്തിനെതിരായ അമർഷവും സമരതീരുമാനത്തിന് പിന്നിലുണ്ട്.