കാലാവസ്ഥ
വേനല്‍മഴ: ‘ആ കൊതുകില്‍ നിന്ന് ഡെങ്കിപ്പനി പകരാന്‍ സാധ്യതയേറെ’, മുന്നറിയിപ്പ്
കോട്ടയം ജില്ലയില്‍ വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍ വിദ്യാധരന്. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മരപ്പൊത്തുകളിലും കെട്ടിനില്‍ക്കുന്ന മഴ വെള്ളം അടിയന്തരമായി നീക്കം ചെയ്യണം. ചെറുപാത്രങ്ങളില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. ഏഴു മുതല്‍ 10 ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള മുട്ടയാണ് വിരിയുന്നതെങ്കില്‍ ആ കൊതുകില്‍ നിന്ന് ഡെങ്കിപ്പനി പകരാന്‍ സാധ്യതയേറെയാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വീടിന് ചുറ്റും മഴവെള്ളം കെട്ടിനില്‍ക്കുന്ന ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍ തുടങ്ങിയവയില്‍ നിന്നും വീട്ടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പുറകിലെ ട്രേ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അടിയന്തരമായി നീക്കം ചെയ്യാന്‍ വീട്ടിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുകുകടക്കാതെ അടച്ചു സൂക്ഷിക്കണം. ഇവ കൊതുകുവല ഉപയോഗിച്ച് മൂടിയിടുന്നത് ഉത്തമമാണ്. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും ശുചിയാക്കാനും ശ്രദ്ധിക്കണമെന്ന് വിദ്യാധരന് ആവശ്യപ്പെട്ടു.