കേരളം
കുതിരവട്ടത്ത് അന്തേവാസിയുടെ ആത്മഹത്യാ ശ്രമം; ജീവനൊടുക്കാൻ ശ്രമിച്ചത് ദൃശ്യ കൊലക്കേസ് പ്രതി
കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷ് ആണ് ഫൊറൻസിക് സെല്ലിൽ ആത്മഹത്യാ ശ്രമം നടത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. വിനേഷിനെതിരെ, കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. നേരത്തെയും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 15ന് വിനേഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ചിരുന്നു. നേരത്തെ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് വിനേഷ് ആത്മഹത്യാ ശ്രമം നടത്തിയത്. മഞ്ചേരി സബ് ജയിലിലെ സെല്ലില്‍ വിനീഷ് തുടര്‍ച്ചയായി ഛര്‍ദിക്കുന്നത് കണ്ട ജയില്‍ വാര്‍ഡന്‍മാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊതുക് തിരി കഴിച്ചാണ് വിനീഷ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
2021 ജൂൺ മാസത്തിലാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 21കാരിയായ ദൃശ്യയെ വിനീഷ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഇവരുടെ അച്ഛന്‍റെ കടക്ക് തീവച്ച് ശ്രദ്ധ മാറ്റിയായിരുന്നു യുവാവ് പെൺകുട്ടികളെ ആക്രമിക്കാൻ വീട്ടിലെത്തിയത്. അടുക്കള വാതിലിലൂടെയാണ് വിനീഷ് വീട്ടിനകത്തേക്ക് കയറിയത്. മുകളിലത്തെ നിലയിൽ പോയ ശേഷം ദൃശ്യ അവിടെയല്ല കിടക്കുന്നത് എന്ന് മനസിലാക്കിയ വിനീഷ് തിരികെ താഴത്തെ നിലയിലെത്തി. താഴത്തെ നിലയിലെ മുറിയിലായിരുന്നു പെൺകുട്ടി ഉറങ്ങിയിരുന്നത്. കയ്യിൽ ഒരു കത്തിയുണ്ടായിരുന്നെങ്കിലും ദൃശ്യയുടെ വീട്ടിൽ തന്നെയുള്ള ഒരു കത്തിയെടുത്താണ് ആക്രമണം നടത്തിയത്.