കേരളം
ആർസിസിയിൽ വിജയകരമായി റോബട്ടിക് ശസ്ത്രക്രിയ | Robotic Surgery
സർക്കാർ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആർസിസിയിൽ വിജയകരമായി പൂർത്തിയാക്കി. വൃക്കയിൽ കാൻസർ ബാധിച്ച മധ്യവയസ്കരായ 2 രോഗികളിൽ ഒരാളുടെ വൃക്ക പൂർണമായും മറ്റൊരാളുടെ വൃക്കയിൽ കാൻസർ ബാധിച്ച ഭാഗവും റോബട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നു. സ്വകാര്യ ആശുപത്രികൾ ഇതേ ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്ന നിരക്കിന്റെ മൂന്നിലൊന്നു മാത്രമാണ് ആർസിസിയിലെ റോബട്ടിക് ശസ്ത്രക്രിയയ്ക്കു ചെലവായതെന്ന് ആർസിസി ഡയറക്ടർ ഡോ.രേഖ എ.നായർ പറഞ്ഞു.
സങ്കീർണമായ ശസ്ത്രക്രിയകൾ കൂടുതൽ മികവോടെയും കൃത്യതയോടെയും ചെയ്യാൻ റോബട്ടിക് സർജറി യൂണിറ്റിനു കഴിയും. ശസ്ത്രക്രിയ മൂലം രോഗികളുടെ രക്തനഷ്ടം, വേദന, അണുബാധ, മുറിവുകളുടെ വലുപ്പം, ആശുപത്രിവാസം എന്നിവ കുറയ്ക്കാനും വേഗം സുഖം പ്രാപിക്കാനും സഹായിക്കും.
സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.ഷാജി തോമസിന്റെ നേതൃത്വത്തിൽ ഡോ.ജെ.ശിവരഞ്ജിത്, ഡോ.ആർ.ശ്രീവത്സൻ, ഡോ.അഖിൽ തോമസ് എന്നീ സർജൻമാരും അനസ്തീസിയ വിഭാഗം മേധാവി ഡോ. മേരി തോമസ്, ഡോ.വിജി പിള്ള, സ്റ്റാഫ് നഴ്സുമാരായ ഇന്ദു, രശ്മി, രമ്യ, അഞ്ജലി, ബൈജുദീൻ, ഓപ്പറേഷൻ തിയറ്റർ സാങ്കേതിക ടീമിലെ അംഗങ്ങളായ എബിൻ, സന്തോഷ്, കിരൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയയ്ക്കു പിന്നിൽ പ്രവർത്തിച്ചത്.
റോബട്ടിക് ശസ്ത്രക്രിയ ഉപകരണങ്ങൾ ആർസിസിയിൽ സ്ഥാപിച്ച കമ്പനി, ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും പരിശീലനം നൽകിയിരുന്നു. കഴിഞ്ഞ മാസം 15നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റോബട്ടിക് ശസ്ത്രക്രിയ യൂണിറ്റ് സജ്ജീകരിക്കാൻ റീബിൽഡ് കേരള പദ്ധതിയിൽ നിന്നു തുക അനുവദിച്ചിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!