കേരളം
കേരളത്തില്‍നിന്ന് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വന്ന 38 വിദ്യാര്‍ഥികള്‍ക്കു കൊവിഡ്; പരിശോധന കർശനമാക്കി കര്‍ണാടക
കേരളത്തില്‍നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വന്ന 38 നഴ്‌സിങ് വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ എത്തിയതിനു ശേഷം നടത്തിയ പരിശോധനയില്‍ പോസിറ്റിവ്. ഇതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ഥികളെയും പരിശോധനയ്ക്കു വിധേയമാക്കാന്‍ ഹാസന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ഒരാഴ്ച മുമ്പ് പരിക്ഷ എഴുതാനായി എത്തിയ വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയിലാണ് 38 പേര്‍ പോസിറ്റിവ് ആയത്. ഇവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായാണ് വന്നത്. എങ്കിലും പരിശോധന നടത്താന്‍ ജില്ലാ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച 21 പേരും വെള്ളിയാഴ്ച 17 പേരുമാണ് പോസിറ്റിവ് ആയത്. എല്ലാവരും ഒരേ കോളജിലെ വിദ്യാര്‍ഥികളാണ്. ഇവര്‍ താമസിച്ചിരുന്ന പിജി ഹോസ്റ്റല്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ക്വാറന്റൈനില്‍ ആക്കിയതായും അധികൃതര്‍ പറഞ്ഞു.
ഹാസന്‍ ജില്ലയില്‍ കേരളത്തില്‍നിന്ന് ഒട്ടേറെ പേര്‍ നഴ്‌സിങ് പഠനത്തിന് എത്തുന്നുണ്ട്. ഇപ്പോഴത്തെ സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്.