കേരളം
പ്രധാന അധ്യാപകന്‍റെ അനാസ്ഥ; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഒരു വർഷത്തെ പഠനം നഷ്ടമായതായി പരാതി
പ്രധാന അധ്യാപകന്‍റെ അനാസ്ഥ കാരണം കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഒരു വർഷത്തെ പഠനം നഷ്ടമായതായി പരാതി. ഒരു വിഷയത്തിൽ സേ പരിക്ഷ എഴുതാനുള്ള നിഹാദിന്റെ അപേക്ഷയിൽ അധ്യപകൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാതിരുന്നതാണ് തിരിച്ചടിയായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസമന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
കണ്ണൂർ ഗവണ്‍മെന്‍റ് സിറ്റി ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയ നിഹാദ് ഫിസിക് പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. സേ പരീക്ഷ എഴുതാനുള്ള ഫോം പൂരിപ്പിച്ച് ഹെഡ്മാസ്റ്ററിന് നൽകിയെങ്കിലും കയ്യിൽ തന്നെ സൂക്ഷിക്കാനായിരുന്നു എച്ച്എം ആവശ്യപ്പെട്ടത്. പരീക്ഷ തീയതിക്ക് മുന്നോടിയായി ഹാൾ ടിക്കറ്റ് വാങ്ങാൻ ചെന്നപ്പോൾ പരീക്ഷ നടക്കുന്ന മുൻസിപ്പൽ ഹൈസ്കൂളിൽ നിന്ന് കിട്ടുമെന്നായിരുന്നു ഹെഡ്മാസ്റ്ററുടെ മറുപടി. ഓഗസ്റ്റ് പതിനേഴിന് പരീക്ഷ എഴുതാൻ കുട്ടി സ്കൂളിലെത്തി. പക്ഷെ സേ പരീക്ഷ എഴുതുന്നവരുടെ ലിസ്റ്റിൽ പേരില്ല.
സേ പരീക്ഷക്ക് വിദ്യാർത്ഥികൾ അപേക്ഷ നൽകുമ്പോൾ ബാക്കി നടപടിയെല്ലാം പൂർത്തിയാക്കേണ്ടത് സ്കൂളിന്‍റെ ഉത്തരവാദിത്തമാണ്. കുട്ടിയുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ ഇടപെടൽ ആവശ്യപ്പെട്ടെ പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകർ വിദ്യാഭ്യാസമന്ത്രിയെ കണ്ട് നിവേദനം നൽകിയെന്നും സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് പ്രധാന അധ്യാപകൻ നസീറിന്റെ വിശദീകരണം.