ദേശീയം
വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി; യാത്രക്കാരന് ദാരുണാന്ത്യം
വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയ യാത്രക്കാരന് ദാരുണാന്ത്യം. ഡെന്മാര്ക്കിലെ ബില്ലുണ്ടിലേക്ക് വിമാനം പുറപ്പെടാനിരിക്കെ യാത്രക്കാരന് ടര്‍ബൈന്‍ ബ്ലേഡുകള്ക്കിടയിപ്പെടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലാണ് സംഭവം. പാസഞ്ചര്‍ ജെറ്റിന്റെ കറങ്ങുന്ന ടര്‍ബൈന്‍ ബ്ലേഡുകളില്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഹ്രസ്വ ദൂര എംബ്രയര്‍ ജെറ്റ് വിമാനമാണിത്.
അപകടത്തില്‍ മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍നിന്ന് മാറ്റിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചയായും ഡച്ച് ബോര്‍ഡര്‍ പൊലീസ് അറിയിച്ചു.
ഷിഫോളില്‍ ശക്തമായ സുരക്ഷാ സംവിധാനം മറികടന്ന് എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം മാത്രം ഏകദേശം 50 ലക്ഷം യാത്രക്കാരെത്തിയ തിരക്കേറിയ വിമാനത്താവളമാണ് ഷിഫോള്‍.