കേരളം
സ്വന്തം വീട്ടിൽ സമാധാനത്തോടെ ഉറങ്ങാൻ പോരാട്ടം; ജയ് ഹിന്ദ് ബിസിനസ് ഗ്രൂപ്പിനെതിരെ യുവാവിന്റെ സമരം
കിടപ്പാടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി വൈറ്റിലയിൽ യുവാവിന്റെ രാപ്പകൽ സമരം. തന്റെ പത്ത് സെന്റ് ഭൂമിയും വീടും തട്ടിയെടുക്കാൻ സ്വകാര്യ ബിസിനസ് ഗ്രൂപ്പും ഇടനിലക്കാരും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ പട്ടണക്കാട് സ്വദേശി മൈക്കിൾ വർക്കിയാണ് സമരമിരിക്കുന്നത്. അതേസമയം യുവാവിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ആണ് കമ്പനിയുടെ വിശദീകരണം.
പത്ത് ദിവസത്തിലേറെയായി വെയിലും മഴയും വക വയ്ക്കാതെ ദേശീയപാതയ്ക്കരികിൽ സമരത്തിലാണ് മൈക്കിൾ. ഭീഷണി കാരണം നാട്ടിൽ കഴിയാൻ പറ്റാതായതോടെയാണ് കൊച്ചിയിലെത്തിയെന്നാണ് 25 കാരൻ പറയുന്നത്. ചേർത്തല പട്ടണക്കാട്ടെ മൈക്കിളിന്റെ വീടിന് ചുറ്റുമുള്ള സ്ഥലം വർഷങ്ങൾക്ക് മുൻപ് ജയ്ഹിന്ദ് ഗ്രൂപ്പ് എന്ന സ്ഥാപനം വെയർ ഹൗസ് നിർമ്മാണത്തിനായി വാങ്ങിയിരുന്നു. ഇവർക്ക് സ്ഥലം വിൽക്കാൻ മൈക്കിളും കുടുംബവും തയ്യാറായില്ല. അന്ന് മുതൽ കമ്പനി ജീവനക്കാരും പ്രദേശത്തെ ചില ഇടനിലക്കാരും ഭീഷണിപ്പെടുത്തുന്നു എന്നാണ് മൈക്കിളിന്റെ ആരോപണം. പക്ഷാഘാതത്തെത്തുടർന്ന് അമ്മയുടെ ചികിത്സയുടെ ഭാഗമായി മൂന്ന് മാസത്തോളം മൈക്കിളും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോൾ വീടിന് ചുറ്റും ഇരുമ്പ് ഷീറ്റ് കൊണ്ട് മതിൽ കെട്ടി വഴി അടച്ച നിലയിലാണെന്നും മൈക്കിൾ പറഞ്ഞു
അതേസമയം ആരോപണങ്ങൾ ജയ്ഹിന്ദ് ഗ്രൂപ്പ് നിഷേധിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നാണ് വിശദീകരണം. ദിവസങ്ങളായി തുടരുന്ന മൈക്കിളിന്റെ സമരത്തിന് പിന്തുണയുമായി ചില രാഷ്ട്രീയ പാർട്ടികളും എത്തിയിട്ടുണ്ട്.