കേരളം
അമ്പലപ്പുഴയിലെ പ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തം, വീടുകൾ തകർന്നു; ഭീഷണി തുടരുന്നു
വളഞ്ഞവഴി, കാക്കാഴം പ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തം. മൂന്ന് വീടുകൾ തകർന്നു. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് വളഞ്ഞ വഴിയിലാണ് കഴിഞ്ഞ രാത്രി മുതൽ കടൽ ക്ഷോഭം ശക്തമായത്. വെള്ളം തെങ്ങിൽ സാബു, പുതുവൽ സുധീർ, ഓമനക്കുട്ടൻ എന്നിവരുടെ വിടുകൾ കടലാക്രമണത്തിൽ തകർന്നു. 10 ഓളം വീടുകൾ ഇവിടെ തകർച്ച ഭീഷണിയിലാണ്.
കടലാക്രമണത്തെ ചെറുക്കാനായി ഇട്ടിരിക്കുന്ന ടെട്രാപോഡിന് മുകളിലൂടെ തിരമാല കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഏതാനും ദിവസം മുൻപാണ് ഇവിടെ ടെട്രാപോഡുകൾ നിരത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഈ ടെട്രാപോഡുകൾ ഇപ്പോൾ കടലിന് അടിയിലാണ്. സർക്കാർ സഹായമില്ലാതെ തങ്ങൾ അധ്വാനിച്ച് നിർമിച്ച വീടുകളാണ് കടലെടുത്തതെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് നിർമിച്ച വീടുകളാണ് നിലം പതിച്ചത്.
പണം തിരിച്ചടക്കാത്തതിനാൽ വീട് ജപ്തി ഭീഷണിയിലാണെന്നും ഇവർ പറയുന്നു. കൃത്യമായ സമയത്ത് കടൽഭിത്തി, പുലിമുട്ട് നിർമാണം നടക്കാത്തതാണ് വീടുകൾ തകരാൻ കാരണമായതെന്നും ഇവർ പറയുന്നു. നിരവധി തെങ്ങുകളും കടപുഴകി വീണു. വീടുകൾ തകർന്നെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളൊന്നും തുടങ്ങിയിട്ടില്ല.