കേരളം
കെഎസ്ആർടിസിയിലെ പ്രതിസന്ധി; പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന്
കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ചയിൽ മന്ത്രി മുന്നോട്ടുവെക്കും. സർക്കാരിന് മുന്നിലിൽ വയ്ക്കാനുള്ള നിർദ്ദേശങ്ങളും മറ്റ് സഹായങ്ങളും മാനേജേമെന്റ് പ്രതിനിധികൾ പങ്കുവെക്കും.
എന്നാൽ ശമ്പള വിതരണത്തിലെ പാളിച്ചകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തുടങ്ങിയ പ്രശ്നങ്ങൾ തൊഴിലാളി നേതാക്കളും ഉന്നയിക്കും. മെയ് മാസത്തെ ശമ്പളം മുഴുവൻ ജീവനക്കാർക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സംഘടനകൾക്കും മാനേജ്മെന്റിനും ഇടയിലെ ഭിന്നതയുടെ മൂർദ്ധന്യാവസ്ഥയിലാണ് ചർച്ച നടക്കുന്നത്. ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്. ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ശമ്പളം ഉറപ്പാക്കൽ വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സമരം ചെയ്തതിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്. ഓഫീസ് പ്രവർത്തനങ്ങളടക്കം തടസ്സപ്പെടുത്തിയുള്ള സമരത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ടായിരുന്നു കെഎസ്ആര്‍ടിസിയുടെ ഉപഹർജി.