കേരളം
നാളെ മുതല്‍ സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന
കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പൊലീസും മോട്ടോര്‍ വാഹന പരിശോധന കര്‍ശനമാക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ആറു വരെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനകള്‍ കര്‍ശനമാക്കാനാണ് തീരുമാനം. പത്ത് മുതല്‍ 13 വരെ അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടികള്‍ കര്‍ശനമാക്കും. വിദ്യാലയ പരിധിയില്‍ പ്രത്യേക ശ്രദ്ധ നല്‍കും.
ഏഴ് മുതല്‍ 17 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ഡ്രൈവിംഗ് വേളയില്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിംഗ്, സീബ്രാ ലൈന്‍ ക്രോസിംഗില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിഗണന നല്‍കാതിരിക്കുക, സിഗ്‌നലുകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ പരിശോധന വര്‍ധിപ്പിക്കും. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.
ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറച്ചുള്ള ഒരു ദിവത്തെ ക്ലാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഗതാഗത നിയമ ലംഘനങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ഇചലാന്‍ വഴി പിഴ ചുമത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പോലീസ് കേസെടുക്കും.
പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ക്കാണ് നിലവില്‍ ഇചലാന്‍ സംവിധാനമുള്ളത്. കഴിഞ്ഞ 23ന് വൈക്കത്ത് ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതിമാരുടെ ചിത്രമെടുത്ത് പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ വൈക്കം ഉദയനാപുരം മണപ്പള്ളില്‍ തുരത്തേല്‍ വീട്ടില്‍ എം.ജി. രഞ്ജിത്തിനെയും കണ്ടാലറിയാവുന്ന നാലുപേരെയും പ്രതിയാക്കി പോലീസ് കേസെടുത്തതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.
നിയമം ലംഘിക്കുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും വിധം ചിത്രമെടുത്താലേ ഇചലാനില്‍ പിഴ ചുമത്താനാകൂ. അതിനാല്‍ ചിത്രമെടുക്കുന്നത് പരിശോധനയുടെ ഭാഗമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. വാഹനങ്ങളില്‍ യാത്രചെയ്യുന്നവരെ തടസ്സപ്പെടുത്താതിരിക്കുന്നതിനാണ് സ്മാര്‍ട്ട് പരിശോധന നടത്തുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണുകള്‍ ഇചലാന്‍ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്താല്‍ ഉടന്‍തന്നെ ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി വാഹന്‍സാരഥി വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിക്കും. പിഴ ചുമത്തിയത് സംബന്ധിച്ച് വാഹന ഉടമയ്ക്ക് എസ്.എം.എസ്. ലഭിക്കും.