കേരളം
കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ ആറു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ
കോവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണു കർശന ലോക്ഡൗൺ.
ഓഗസ്റ്റ് 25 അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു.ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നാലാം വാർഡിൽ 8.69 ഉം അഞ്ചാം വാർഡിൽ 8.29 ഉം 10-ാം വാർഡിൽ 8.6 ഉം ആണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ. നെടുമങ്ങാട് മുനിസിപ്പാലിറ്റി 14-ാം വാർഡിൽ 15.77, 20-ാം വാർഡിൽ 16.68, വർക്കല മുനിസിപ്പാലിറ്റി 24-ാം വാർഡിൽ 10.14 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ രോഗവ്യാപന തോത്.
കർശന ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ഇവ തുറന്നു പ്രവർത്തിക്കാം. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിൽ താഴെ എത്തിയതിനാൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 28-ാം വാർഡിൽ ഏർപ്പെടുത്തിയിരുന്ന കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായും എ.ഡി.എം. അറിയിച്ചു.