കേരളം
സത്യപ്രതിജ്ഞാ ചടങ്ങിൽ മാധ്യമങ്ങൾക്കും കടുത്ത നിയന്ത്രണം
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മാധ്യമങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി . സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിനാൽ ഒരു മാധ്യമസ്ഥാപനത്തിൽ നിന്ന് ഒരു അക്രഡിറ്റഡ് റിപ്പോർട്ടർക്കാണ് പാസ് ലഭിക്കുക. അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് മറ്റൊരു റിപ്പോർട്ടർക്ക് പാസ് നൽകും.
പി. ആർ. ഡി മീഡിയ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനങ്ങൾക്കാണ് പാസ് ലഭിക്കുക. ഫോട്ടോഗ്രാഫർമാർക്കും ചാനൽ വീഡിയോഗ്രാഫർമാർക്കും പ്രവേശനം നൽകില്ല. പകരം മൾട്ടി ക്യാം ഉപയോഗിച്ച് ചടങ്ങ് ചിത്രീകരിച്ച് വീഡിയോ ഔട്ട് ചാനലുകൾക്ക് ഉച്ചയ്ക്ക് രണ്ടു മണി മുതൽ പി. ആർ. ഡി നൽകും. . മാധ്യമങ്ങൾക്കാവശ്യമായ ചടങ്ങിന്റെ ഫോട്ടോകളും പി. ആർ. ഡി ലഭ്യമാക്കും.
സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തുന്നതിന്റേയും ചുമതലയേൽക്കുന്നതിന്റേയും ആദ്യ കാബിനറ്റ് യോഗത്തിന്റേയും വിഷ്വലുകളും ഫോട്ടോകളും പി. ആർ. ഡി ലഭ്യമാക്കും. ഇതോടൊപ്പം രാജ്ഭവനിലെ വിഷ്വൽസ് ലഭ്യമാക്കാനും പി. ആർ. ഡി നടപടി സ്വീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന റിപ്പോർട്ടർമാർ ജി. ഒ (ആർ.ടി) നം. 427/2021 ഡി. എം. ഡി പ്രകാരം 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ. ടി. പി. സി. ആർ, ട്രൂനാറ്റ്, ആർ. ടി. ലാമ്പ് പരിശോധനകളിലൊന്നിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം