കേരളം
നാളെ മുതല്‍ ‘ഓപ്പറേഷന് റേസ്’ കർശനമാക്കും; മത്സരയോട്ടത്തിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്കി. മോട്ടോര്‍ വാഹന വകുപ്പിനാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ‘ഓപ്പറേഷന് റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കുമെന്നും അറിയിച്ചു.