കേരളം
പൂട്ടേണ്ടത് പൂട്ടും, അതാരായാലും; മേയർ ആര്യ രാജേന്ദ്രൻ
ഹോട്ടലുകളുടെ ശുചിത്വ പരിശോധനയും വില്പന നടത്തുന്ന ഭക്ഷണങ്ങളുടെ നിലവാരം പരിശോധിക്കുന്നതും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ദൈനംദിന നടപടിയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. പുതിയ സാഹചര്യത്തിൽ അത് കുറച്ച് കൂടി ശക്തമാക്കി എന്നത് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും മേയർ.
മേയറുടെ ഫേസ്ബുക്ക് പോസ്റ്റ്: ചില ഭാഗത്ത് നിന്നും നഗരസഭയുടെ അധികാരങ്ങളെ പറ്റിയും അവകാശങ്ങളെ പറ്റിയും ചോദ്യം ചെയ്യലുകളും പരിശോധനയ്ക്ക് പോകുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെ നഗരസഭയുടെ അധികാരങ്ങളെക്കുറിച്ച് യാതൊരു സംശയവും ആർക്കും വേണ്ടതില്ല. നിയമാനുസൃതമുള്ള അധികാരങ്ങളും ശക്തമായ ചട്ടങ്ങളും നിലനിൽക്കുന്നുണ്ട്. അതുപയോഗിച്ച് തന്നെയാണ് നടപടികൾ കൈക്കൊള്ളുന്നത്. അത് ഭരണസമിതിയുടെ തീരുമാനമാണ്.
ഉദ്യോഗസ്ഥർ അത് നടപ്പാക്കാൻ ചുമതലപ്പെട്ടവരാണ്, അവരത് ചെയ്യുന്നതിനെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമായി കാണേണ്ടിവരും. അല്ലെങ്കിൽ തന്നെ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണെന്ന് ബോധ്യമുള്ള ഒരു ഭരണ സംവിധാനത്തിന് എങ്ങനെ ആണത് അനുവദിക്കാൻ സാധിക്കുക. അത്തരം സ്ഥാപനങ്ങൾ പൂട്ടേണ്ടതുണ്ടെങ്കിൽ പൂട്ടും എന്നതാണ് നിലപാട്. അക്കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല.
നാല് സ്‌ക്വാഡുകളെ ആണ് നിലവിൽ പരിശോധയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ക്ഷണിച്ച് സംയുക്ത യോഗം ചേരുകയും ഓരോ സ്‌ക്വാഡിലും ഒരു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെ കൂടെ ഉൾപ്പെടുത്തി പരിശോധനകൾ കാര്യക്ഷമമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ആരോഗ്യ വിഭാഗത്തെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തെയും ഏകോപിപ്പിച്ച് ഈ പരിശോധനകൾ നടത്തിയെങ്കിൽ മാത്രമേ ശരിയായ ഫലമുണ്ടാകു എന്നാണ് ഭരണസമിതി കണ്ടത്.
ഭക്ഷ്യ സുരക്ഷയിൽ പിഴവ് കണ്ടെത്തിയാൽ കർശന നടപടി; 110 കടകൾ പൂട്ടിച്ചെന്ന് വീണാ ജോർജ്
പരിശോധനയിൽ കണ്ടെത്തുന്ന കുറവുകൾക്ക് നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. നോട്ടീസ് നൽകേണ്ട സ്ഥാപനങ്ങൾക്ക് കുറവുകൾ ചൂണ്ടിക്കാണിച്ച് അത് പരിഹരിക്കേണ്ട സമയക്രമം നിശ്ചയിച്ച് നോട്ടീസ് നൽകുകയും, ഫൈൻ ഈടാക്കേണ്ട സ്ഥലങ്ങളിൽ അത്തരത്തിൽ ഫൈൻ ഈടാക്കാൻ ആവശ്യമായ നടപടികളും ഒരു തരത്തിലും പ്രവർത്തിക്കാൻ യോഗ്യതയില്ലാത്ത സ്ഥാപനങ്ങൾ പൂട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആ നിർദ്ദേശാനുസരണമാണ് ഇപ്പോൾ പരിശോധനകൾ നടന്ന് വരുന്നത്. വരും ദിവസങ്ങളിലും ഈ പരിശോധനകൾ ഇതേ നിലയ്ക്ക് തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല ഇത് സ്ഥിരമായി നടത്തേണ്ടതിന്റെ ആവശ്യകതയും മനസിലാക്കി അതിനുള്ള നടപടികളും ആലോചനയിലാണ്. മനുഷ്യരുടെ ജീവനും ആരോഗ്യവും വച്ച് ട്രപ്പീസ് കളിയ്ക്കാൻ ആരെയും അനുവദിക്കുന്ന പ്രശ്‌നമില്ല. പൂട്ടേണ്ടത് പൂട്ടും, അതാരായാലും.