കേരളം
ഇരുമ്പ് കൂട് തകര്‍ത്ത് ഇരുപതോളം മുയലുകളെ തെരുവ് നായകള്‍ കടിച്ചുകൊന്നു
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം. മലപ്പുറം വണ്ടൂർ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമെന്ന് പരാതി. വണ്ടൂർ ചെട്ടിയാറമ്മലിൽ വീട്ടിൽ വളർത്തുന്ന ഇരുപതോളം മുയലുകളെ തെരുവ് നായകള്‍ കടിച്ചുകൊന്നു. ചെട്ടിയാറമ്മൽ സ്വദേശി രുഗ്മിണി നിവാസിൽ രഞ്ജിത്ത് മേനോന്റെ വീട്ടിലെ ഇരുമ്പു കൂട് പൊളിച്ചാണ് 20 മുയലുകളെ തെരുവ് നായകൾ കടിച്ചു കൊന്നത്.
രാവിലെ രഞ്ജിത്ത് മുയലുകള്‍ക്ക് ഭക്ഷണം കൊടുക്കാനായി കൂടിനടുത്തേക്ക് ചെന്നപ്പോഴാണ് ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് നിർമ്മിച്ച കൂട് തകർന്നു കിടക്കുന്ന നിലയിൽ കണ്ടത്. കൂടിന് സമീപത്തായി 17 മുയലുകൾ നായകളുടെ കടിയേറ്റ് ചത്തു കിടക്കുന്ന നിലയിലായിരുന്നു. രജ്ഞിത്ത് മേനോന്റെ ഭാര്യയാണ് മുയലുകളെ വളർത്തുന്നത്. ബാക്കി മുയലുകളെ നായകള്‍ കൊന്നു തിന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് വീട്ടുകാർ.
അങ്ങാടികളിൽ തെരുവ് നായകള്‍ കൂട്ടത്തോടെ അലഞ്ഞ് നടക്കുക അവസ്ഥയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അതേസമയം കോഴിക്കോടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. കോഴിഫാമിൽ വളർത്തുന്ന നൂറിലേറെ കോഴികളെയാണ് തെരുവ് നായകൾ കടിച്ചുകൊന്നത്.
കോഴിക്കോട് ചാത്തമംഗലം സ്വദേശി കണ്ണങ്ങോട്ട്ചാൽ രാവുണ്ണിയുടെ സർക്കാർ അംഗീകൃത ഫാമായ പ്രിയദർശിനി എഗർ നഴ്സറിയിലെ കോഴികളെയാണ് ഇന്നലെ പുലർച്ചെ നാല് മണിയോടെ തെരുവ് നായകള്‍ കൂട്ടത്തോടെ എത്തി കൊന്നത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട നാല് മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയാണ് തെരുവ് നായ അക്രമത്തിൽ ചത്തത്.