കേരളം
നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്റ്റേ
നാടാര്‍ സംവരണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. സര്‍ക്കാരിന്റേത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.
ഒബിസി പട്ടിക വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെ. രാഷ്ട്രപതിക്കാണ് ഇക്കാര്യത്തില്‍ അധികാരമുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. അങ്ങനെ അല്ലാത്ത നടപടികളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. മറാത്ത കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെന്നും ഇടക്കാല ഉത്തരവില്‍ കോടതി കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിയില്‍ ഉള്‍പ്പെടുത്തിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഈ ഹര്‍ജികളില്‍ കോടതി വിശദമായി വാദം കേള്‍ക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ എടുത്ത വലിയ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിയില്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ്. ഇതിലൂടെ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനും എല്‍ഡിഎഫിന് സാധിച്ചിരുന്നുവെന്നാണ് വിലയിരുത്തല്‍.