കേരളം
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ഗുണ്ടാനേതാവിന് സ്റ്റേഷന് ജാമ്യം: എസ്ഐക്ക് സസ്പെന്ഷന്
തിരുവനന്തപുരം കണിയാപുരത്ത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടാനേതാവിനെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ച സംഭവത്തില്‍ മംഗലപുരം എസ്ഐ വി തുളസീധരന്‍ നായരെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്റേതാണ് ഉത്തരവ്.
സംഭവത്തില്‍ എസ്ഐ തുളധീധരന്‍ നായരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷല്‍ ബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസെടുക്കാന്‍ വൈകിയതും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതും എസ്ഐയുടെ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. വിവാദം ശക്തമാകുന്നതിനിടെ, ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന് ഇന്നലെ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തി തെളിവെടുത്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കണിയാപുരത്ത് വച്ച്, കണിയാപുരത്തിനടുത്ത് പുത്തന്‍തോപ്പില്‍ താമസിക്കുന്ന എച്ച്. അനസാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. നിരവധി കേസുകളില്‍ പ്രതിയായ കണിയാപുരം മസ്താന് മുക്ക് സ്വദേശി ഫൈസല്‍ ആണ് മദ്യലഹരിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് അവശനാക്കിയത്. മര്‍ദനമേറ്റ് നിലത്ത് വീണിട്ടും നിലത്തിട്ട് ചവിട്ടിയും മതിലിനോട് ചേര്‍ത്ത് വച്ച് ഇടിച്ചും പതിനഞ്ച് മിനിറ്റോളമാണ് ക്രൂരത തുടര്‍ന്നത്.
അനസും സുഹൃത്തും ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ ഫൈസലും സംഘവും തടഞ്ഞു നിര്‍ത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞ് താക്കോല്‍ ഊരിയെടുത്തു. ഇതിനെ എതിര്‍ത്തതോടെ മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘം മര്‍ദിച്ചുവെന്നാണ് അനസ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ അനസിന്റെ രണ്ട് പല്ലുകള്‍ നഷ്ടമായി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പൊലീസ് അവരുടെ സ്റ്റേഷന് പരിധിയില്ലെന്ന് പറഞ്ഞ് ഒന്നും ചെയ്യാതെ മടങ്ങി. പരാതിയുമായി എത്തിയ തന്നെ മംഗലപുരം സ്റ്റേഷനില്‍ നിന്നും കണിയാപുരം സ്റ്റേഷനില്‍ നിന്നും തിരിച്ചയച്ചെന്നാണ് അനസ് പറയുന്നത്. ഒടുവില്‍ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് കേസെടുത്തത്.
വധശ്രമക്കേസില്‍ പ്രതി കൂടിയായിരുന്ന ഫൈസലിനെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ കുറ്റത്തിന് അറസ്റ്റ് വാറന്റുള്ള ഫൈസല്‍ സ്റ്റേഷനില്‍ വന്ന് ആള് ജാമ്യത്തില്‍ ഇറങ്ങിപ്പോകുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ഫൈസലിന പിന്നീട് നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ ദ്രുതഗതിയില്‍ കേസെടുത്ത പൊലീസ് ഗുണ്ടാനേതാവിനെ മ!ര്‍ദ്ദിച്ച നാട്ടുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവം വന്‍ വിവാദമായതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടത്.