കേരളം
സംസ്ഥാനത്ത് വര്‍ഷം മുഴുവന്‍ ഭക്ഷ്യശാലകളില്‍ പരിശോധന വേണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് വര്‍ഷം മുഴുവന്‍ ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നു ഹൈക്കോടതി. കാസര്‍കോട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ മൂലം പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും ഇതിനായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നാലെ കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസ്റ്റിസുമാരായ ദേവന് രാമചന്ദ്രന്, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ വിധി. പെണ്‍കുട്ടിയുടെ മരണത്തിനുശേഷം നാലു ദിവസമായി നടത്തി വരുന്ന പരിശോധനകള്‍ സര്‍ക്കാര്‍ നേരത്തേ നടത്തിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു.
എന്നാല്‍ നിലവില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ തൃപ്തികരമാണെന്നും കോടതി വിലയിരുത്തി. ദേവനന്ദയുടെ മരണശേഷം സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനകളില്‍ 115 കിലോ പഴകിയ മാംസം പിടിച്ചെടുത്തു നശിപ്പിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കുട്ടിയുടെ മരണത്തിനു കാരണമായ കടയുടെ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ലെന്നും പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിനു പിന്നാലെ സംസ്ഥാനമൊട്ടാകെ ഭക്ഷ്യശാലകളില്‍ പരിശോധനകള്‍ നടത്തി വരികയാണ്.