കേരളം
ശബരിമല യുവതിപ്രവേശം; ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയ ശബരിമല വിഷയം പ്രതിപക്ഷം ചര്‍ച്ചാ വിഷയമാക്കിയതിനാല്‍ വീണ്ടും സര്‍ക്കാര്‍ നേരിടേണ്ടി വരുന്ന തിരിച്ചടി ഒഴിവാക്കാനാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചില്‍.
‘2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നുളളത് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.’ മന്ത്രി പറഞ്ഞു.
ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കേണ്ടതായും വന്നിരുന്നു.
അതേസമയം ശബരിമലയിൽ കാണിച്ച ക്രൂരതക്കും അനീതിക്കും ആയിരംവട്ടം ഗംഗയിൽ കുളിച്ചാലും കടകംപള്ളി സുരേന്ദ്രന് മാപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കടകംപള്ളിയുടെ ഇപ്പോഴത്തെ മലക്കംമറിച്ചിൽ പരിഹാസ്യമാണ്. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്നാണ് കടകംപള്ളി മുമ്പ് പറഞ്ഞിരുന്നത്.
ഇപ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു. രഹ്ന ഫാത്തിമയെയും മനീതി സംഘത്തെയും ശബരിമല പതിനെട്ടാംപടി കയറ്റാൻ നോക്കിയതിന്‍റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കണം. വിശ്വാസികളെ വഞ്ചിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം മാറ്റി നൽകാൻ തയാറാകണം. കടകംപള്ളിക്ക് ഒരു നിമിഷം വിചാരിച്ചാൽ സാധിക്കുന്നതാണിതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കടകംപള്ളി ദേവസ്വം മന്ത്രിയായതിന് ശേഷമാണ് ക്ഷേത്രങ്ങൾ തകർക്കാൻ ആസൂത്രിക ഗൂഢാലോചന നടന്നത്. ശബരിമലക്ക് പുറമെ ഗുരുവായൂർ ക്ഷേത്രവും പത്മനാഭസ്വാമി ക്ഷേത്രവും തകർക്കാനാണ് ശ്രമിച്ചത്. ജനങ്ങളെ കബളിപ്പിക്കാനാണ് കടകംപള്ളിയുടെ ശ്രമെന്നും പൊതുസമൂഹം വിശ്വസിക്കില്ലെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.