കേരളം
‘എല്‍ഡിഎഫ് ഉറപ്പാണ്’, ജയിലാണെന്ന് മാത്രം; പരിഹാസവുമായി കെ സുധാകരന്‍
സിപിഎമ്മില്‍ പി ജയരാജനെ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. സ്വാഭാവികമായും ഒരു പാര്‍ട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും എതിര്‍പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാല്‍ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഉറപ്പാണ് എല്‍ഡിഎഫ് എന്നാണ് പറയുന്നത്. എന്നാല്‍ എല്‍ഡിഎഫിന് ജയിലാണ് ഉറപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ തന്നോട് ആരും സംസാരിച്ചിട്ടില്ല. എന്നാല്‍ അനൗദ്യോഗിക സംഭാഷണങ്ങളില്‍ ഇക്കാര്യം സ്ഥിരമായി കടന്ന് വരാറുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ജയരാജനും പാര്‍ട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരില്‍ യുഡിഎഫ് പിടിക്കേണ്ട സീറ്റുകള്‍ ഇത്തവണ പിടിച്ചിരിക്കും. ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദന്‍ മാസ്റ്റര്‍ നിഷേധിച്ച കാര്യം ജയരാജന്‍ ശരിയാണെന്ന് പറഞ്ഞു. സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. അതുമായി ബന്ധപ്പെട്ട കലാപം സിപിഎമ്മിനുള്ളില്‍ നടക്കുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തോമസ് ഐസകും ജി സുധാകരന്‍ ഉള്‍പ്പടെ പ്രമുഖരെ മത്സരിപ്പക്കാത്തത് പാര്‍ട്ടിക്ക് ഗുണകരമാകുമോ എന്ന ചോദ്യത്തിന് രണ്ടു തവണ മത്സരിച്ച ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നത് അവരുടെ പാര്‍ട്ടി തീരുമാനമാണ്. അതില്‍ എന്ത് പറയാനാണ്. തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവരോടല്ല, സിപിഎമ്മിനോടാണ് കോണ്‍ഗ്രസ് ഏറ്റുമുട്ടുന്നതെന്നും സുധാകരന്‍ പറഞ്ഞു. സതീശന്‍ പാച്ചേനി രണ്ടു തവണ തുടര്‍ച്ചയായി തോറ്റത് സിപിഎമ്മിന്റെ കുത്തകമണ്ഡലത്തിലാണ്. മത്സരിക്കാന്‍ പോലും ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് മത്സരിച്ചത്. അതുകൊണ്ട് രണ്ടുതവണ തുടര്‍ച്ചയായി തോറ്റവര്‍ മത്സരിക്കില്ലെന്നത് സതീശനെ പോലുള്ളവര്‍ക്ക് ബാധകമല്ലെന്ന് സുധാകരന്‍ പറഞ്ഞു.