കേരളം
സംസ്ഥാന ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്
സംസ്ഥാന ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്
സംസ്ഥാന ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്. തിരുവനന്തപുരം കടയ്ക്കാവൂര്‍ ട്രഷറിയില്‍ സ്ഥിര നിക്ഷേപമിട്ടയാള്‍ക്ക് തുക പിന്‍വലിച്ചപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി. തിരുവനന്തപുരം ജില്ലാ ട്രഷറിയിലും വീഴ്ചയുണ്ടായി. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ഡാറ്റാ എന്‍ട്രിയിലെ പിശക് മാത്രമാണ് ഉണ്ടായതെന്നുമാണ് ട്രഷറി ഡയറക്ടറേറ്റിന്റെ വിശദീകരണം.
തിരുവനന്തപുരം കടയ്ക്കാവൂര്‍ ട്രഷറിയിലും ജില്ല ട്രഷറിയിലുമാണ് സോഫ്റ്റ്‌വെയര്‍ പിഴവ് കാരണം അധിക തുക ഇടപാടുകാരുടെ അക്കൗണ്ടുകളിലെത്തിയത്. കടയ്ക്കാവൂരില്‍ സ്ഥിര നിക്ഷേപമിട്ടയാള്‍ക്ക് ഇത് പിന്‍വലിച്ചപ്പോള്‍ 1,47,000 രൂപ അധികമായി അക്കൗണ്ടിലെത്തി. നിക്ഷേപത്തിന്റെ കാലാവധി 365 ദിവസം എന്നതിനുപകരം 365 ആഴ്ച എന്നായി രേഖപ്പെടുത്തി. ഇതേതുടര്‍ന്ന് എഫ്ഡി അക്കൗണ്ടില്‍ നിന്ന് പണം ഓണ്‍ലൈനായി സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റിയപ്പോഴാണ് സംഭവം.
ജനുവരി അവസാനവാരമുണ്ടായ വീഴ്ച രഹസ്യമായി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഡാറ്റാ എന്‍ട്രിയില്‍ ജീവനക്കാരന് വന്ന പിശകാണെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് കടയ്ക്കാവൂര്‍ ട്രഷറി അധികൃതരുടെ വിശദീകരണം.
മരിച്ചയാളുടെ നോമിനിക്ക് പണം കൈമാറിയപ്പോഴാണ് തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ സോഫ്റ്റ് വെയര്‍ വീഴ്ചയുണ്ടായത്. 1,48,000 രൂപ കൈമാറേണ്ട സ്ഥാനത്ത് 1,52,000 രൂപ കൈമാറി. അടിക്കടിയുണ്ടാകുന്ന ട്രഷറി സോഫ്റ്റ്വെയര്‍ പിഴവുകള്‍ക്കെതിരെ വലിയ ആക്ഷേപമുയരുന്നതിനിടെയാണ് വീണ്ടും വീഴ്ച്ച സംഭവിച്ചത്.