കേരളം
കൊവിഡ് മരണം; നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് മരണപ്പട്ടിക പുതുക്കും. കേന്ദ്രത്തിന്റെ പുതിയ മാർഗരേഖ പ്രകാരം കേരളത്തിൽ കൊവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
മരണപ്പട്ടികയിലുള്ള പരാതികൾ പരിഹരിക്കുമെന്നും കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം അർഹരായ ആർക്കും നിഷേധിക്കപ്പെടില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരമാവധി പേർക്ക് സഹായം കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ‍് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല കൊവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമക്കിയിരുന്നു. ഇതേ തുടർന്നാണ് കേരളത്തിന് മരണ പട്ടിക പുതുക്കേണ്ടി വരുന്നത്.