കേരളം
കെ-റെയിലിൽ എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട്
പ്രതിഷേധങ്ങള്‍ക്കിടെ കെ-റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ആറ് ജില്ലകളില്‍ ആദ്യഘട്ടമായി കല്ലിടല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം,കൊല്ലം,എറണാകുളം, തൃശൂര്‍,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് കല്ലിടല്‍. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലും ഇതിന് വിജ്ഞാപനം നേരത്തെ ഇറക്കിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ ജില്ലയിലും സ്പെഷല്‍ തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എം പി മാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.