കേരളം
ഡ്രീംവെസ്റ്റർ മത്സരവുമായി സംസ്ഥാന സർക്കാർ; ഒന്നാം സമ്മാനം അഞ്ച് ലക്ഷം ആര് നേടും
നവസംരഭകരെയും ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം മൂന്ന്, രണ്ട് ലക്ഷം രൂപ സമ്മാനം ലഭിക്കും. 4 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 20 വരെ സ്ഥാനക്കാർക്ക് 25,000 രൂപ വീതവും ലഭിക്കും. നാല് റൗണ്ടുകളിലായി നടത്തിയ മത്സരത്തിന്റെ ഫൈനൽ 2023 ജൂലൈ 14, 15 തീയതികളിലായി എറണാകുളം മറൈൻ ഡ്രൈവിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും. അഗ്രി & ഫുഡ് പ്രോസസ്സിംഗ്, ഇലക്ട്രോണിക്സ് & ഐ.ടി, നൂതന സംരംഭം, ലൈഫ് സയൻസ് & ഹെൽത്ത് കെയർ എന്നീ വിഭാഗങ്ങളിലായി 20 പേരാണ് ഫൈനൽ റൗണ്ടിലെ മത്സരാർത്ഥികൾ.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം
നവസംരംഭകർക്കും ബിസിനസ് താത്പര്യമുള്ളവർക്കും ആശയങ്ങൾ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന നൂതനാശയ മത്സരമായ “ഡ്രീംവെസ്റ്റർ’ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. നാല് റൗണ്ടുകളിലായി നടത്തപ്പെട്ട മത്സരത്തിന്റെ ഫൈനൽ 2023 ജൂലൈ 14, 15 തീയതികളിലായി എറണാകുളം മറൈൻ ഡ്രൈവിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും. അഗ്രി & ഫുഡ് പ്രോസസ്സിംഗ്, ഇലക്ട്രോണിക്സ് & ഐ.ടി, നൂതന സംരംഭം, ലൈഫ് സയൻസ് & ഹെൽത്ത് കെയർ എന്നീ വിഭാഗങ്ങളിലായി 20 പേരാണ് ഫൈനൽ റൗണ്ടിലെ മത്സരാർത്ഥികൾ.
നൂതന സംരംഭക ആശയങ്ങളും വ്യത്യസ്ത സംരംഭക സ്വപ്നങ്ങളുടെ അവതരണവും കൊണ്ട് ശ്രദ്ധേയമായിരുന്നു ഡ്രീംവെസ്റ്ററിന്റെ ഓരോ റൗണ്ടും. സംരംഭക സൗഹൃദമെന്ന നിലയിൽ കേരളം തുറന്നു കൊടുക്കുന്ന അവസരങ്ങളിൽ യുവജനങ്ങളും സംരംഭകരും എത്രമാത്രം വിശ്വാസം അർപ്പിക്കുന്നു എന്നതിന് തെളിവായിരുന്നു ആദ്യ റൗണ്ട് മുതൽ തങ്ങളുടെ സ്വപ്ന സംരംഭങ്ങളെ പരിചയപ്പെടുത്തിയ മത്സരാർത്ഥികൾ. സംസ്ഥാന സർക്കാർ 2022-23 സംരംഭക വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംരംഭകത്വ വികസന സംരംഭങ്ങളുടെ ഭാഗമായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ബിസിനസ് ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്പേസിലേക്കുള്ള പ്രവേശനം, മെന്ററിംഗ് പിന്തുണ, സീഡ് കാപ്പിറ്റൽ സഹായം, വിപണി ബന്ധങ്ങൾ തുടങ്ങിയ സഹായം ഉറപ്പു നൽകും.
കേരളത്തിൽ വേരൂന്നിക്കൊണ്ട് വിജയകരമായ സംരംഭങ്ങൾ സ്ഥാപിക്കാനും ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഡ്രീംവെസ്റ്റർ അവസരമൊരുക്കും. ഈ മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നയാൾക്ക് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുമാണ് സമ്മാനം. 4 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 20 വരെ സ്ഥാനക്കാർക്ക് 25,000 രൂപ വീതവും ലഭിക്കും.