കേരളം
കൊവിഡ് ബോധവൽക്കരണം; വിക്ടേഴ്സില്‍ അധ്യയനവര്‍ഷാരംഭം വൈകിയേക്കും
കൊവിഡ് വ്യാപനം രൂക്ഷമാകുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ അധ്യയനവര്‍ഷം ആരംഭിക്കുന്നതില്‍ അനിശ്ചിതത്വം. ജൂണില്‍ സ്കൂളുകള്‍ തുറന്നുള്ള അധ്യയനം സാധിക്കില്ലെന്ന് നേരത്തേ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ജൂണില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസ് തുടങ്ങാനാണ് ആലോചിച്ചിരുന്നത്. എന്നാല്‍, വിക്ടേഴ്സ് വഴി കൊവിഡ് പ്രതിരോധ, ബോധവൽക്കരണ പരിപാടി ആരംഭിച്ചതോടെ ജൂണ്‍ ആദ്യം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ക്ലാസ് തുടങ്ങാന്‍ സാധ്യത മങ്ങി.
ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് വിക്ടേഴ്സില്‍ ‘അതിജീവനം’ എന്ന പേരില്‍ വിവിധ പരിപാടികള്‍ ആരംഭിച്ചത്. ഈ പരിപാടികളുടെ ചിത്രീകരണത്തിനും സംപ്രേഷണത്തിനുമാണ് വിക്ടേഴ്സ് സ്റ്റുഡിയോ ഉപയോഗിക്കുന്നത്. ജൂണില്‍ ഡിജിറ്റല്‍ ക്ലാസ് തുടങ്ങണമെങ്കില്‍ മേയില്‍തന്നെ റെക്കോഡിങ് ആരംഭിക്കണം.
നിലവില്‍ കൊവിഡ് പ്രതിരോധ, ബോധവൽക്കരണ പരിപാടികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് വിക്ടേഴ്സ് പ്രവര്‍ത്തിക്കുന്നതെന്ന് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്കായിരിക്കും ഡിജിറ്റല്‍ ക്ലാസ് സംപ്രേഷണത്തില്‍ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.