കേരളം
എസ്.എസ്.എല്‍.സി, പ്ലസ് ടു ചോദ്യപേപ്പര്‍ മാതൃക പുറത്ത്
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ സമ്ബ്രദായം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യപേപ്പര്‍ മാതൃക വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. എസ്.സി.ഇ.ആര്.ടി വെബ്സൈറ്റിലൂടെയാണ് വിവിധ മാര്‍ക്കിലുള്ള ചോദ്യപേപ്പറുകളുടെ മാതൃക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ചോദ്യപേപ്പര്‍ പാറ്റേണ്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ എസ്.സി.ഇ.ആര്.ടിക്ക് നിര്‍ദേശം നല്‍കിയത്. 60 ശതമാനം പാഠഭാഗങ്ങളാണ് പരീക്ഷയില്‍ ഊന്നല്‍ നല്കുന്ന മേഖലയായി നിശ്ചയിച്ചത്.
ഇതില്‍നിന്ന് പരീക്ഷയില്‍ 70 ശതമാനം ചോദ്യങ്ങളുണ്ടാകും. ചോദ്യപേപ്പറില്‍ 50 ശതമാനം ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് തെരഞ്ഞെടുത്ത് എഴുതാനായി അധികമായി നല്‍കാനും തീരുമാനിച്ചിരുന്നു. 50 ശതമാനം ചോദ്യങ്ങള്‍ ഇത്തരത്തില്‍ ചോയ്സ് മാതൃകയില്‍ വരുന്നതോടെ പരമാവധി മാര്‍ക്കിന് ഉത്തരമെഴുതാനുള്ളചോദ്യങ്ങള് ഫോക്കസ് ഏരിയയില്‍ നിന്നുതന്നെ വരുമെന്നായിരുന്നു വിദ്യാര്‍ഥിക ളുടെയും അധ്യാപകരുടെയും പ്രതീക്ഷ. എന്നാല്‍, ചോദ്യപേപ്പര്‍ മാതൃക പുറത്തുവന്നതോടെ 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്നിന്നും30 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഇതിന് പുറത്തുള്ള പാഠഭാഗങ്ങളില്‍ നിന്നു മാണെന്ന് വ്യക്തമായി.
80 മാര്‍ക്കിന് ഉത്തരമെഴുതേണ്ട ചോദ്യപേപ്പറില്‍ ചോയ്സ് ഉള്‍പ്പെടെ 120 മാര്‍ക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും ഫോക്കസ് ഏരിയയില്‍നിന്ന് 56 മാര്‍ക്കിന് മാത്രമേ ഉത്തരമെഴുതാനാകൂ.40 മാര്‍ക്കിന്റെ ചോദ്യപേപ്പറില്‍ 60 മാര്‍ക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും 28 മാര്‍ക്കിനായിരിക്കും ഫോക്കസ് ഏരിയ ചോദ്യങ്ങള്‍. 60 മാര്‍ക്കിനുള്ള ചോദ്യപേപ്പറില്‍90 മാര്‍ക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും 42 മാര്‍ക്കിനായിരിക്കും ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യം. കോവിഡ് പ്രതിസന്ധി മൂലം മിക്ക വിഷയങ്ങളും പകുതി മാത്രമേ പഠിപ്പിച്ചുതീര്ന്നിട്ടൊള്ളൂ.
ഓഫ്ലൈനും ഓണ്‍ലൈനുമായാണ് പല സ്കൂളുകളിലും പഠനം നടക്കുന്നത്. ഇനി ആകെയുള്ളത് രണ്ടര മാസം മാത്രമാണ്. ഈ സമയം കൊണ്ട് മുഴുവന്‍ പാഠഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് അധ്യാപകര്‍. പുസ്തകം മുഴുവന്‍ പഠിച്ചാല്‍ മാത്രമേ ഇനി മാര്‍ക്ക് കിട്ടൂ എന്നതിനാല്‍ വിദ്യാര്‍ഥികളും ആശങ്കയിലാണ്.
അധ്യന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഫോക്കസ് ഏരിയയില്‍ നിന്നുമാത്രമാകും ചോദ്യമുണ്ടാകുക എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പരീക്ഷകള്‍ക്ക് തൊട്ടുമുമ്ബ് ഇത്തരത്തിലുള്ള മാറ്റം വിദ്യാര്‍ഥികളെയും കുഴക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എ പ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിച്ചത് പ്ലസ് വണ്‍, ബിരുദ പ്രവേശനത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഫോക്കസ് ഏരിയ ചോദ്യങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.