കേരളം
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കും
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കുന്നുവെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ് 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പാഠപുസ്തകം തയ്യാറാക്കുന്നതിൽ 25 ലക്ഷം വിദ്യാർത്ഥികൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കാം. പുതിയ പാഠപുസ്തകം 2024ൽ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ്സ് ടൈമിൽ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാൻ കഴിയില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാഭ്യാസ നിയമത്തിൽ പറയുന്ന സമയം മുഴുവൻ പഠനത്തിനായി മാറ്റി വയ്ക്കും. മറ്റു പരിപാടികൾ പോലും ഈ സമയം നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി നിര്ദ്ദേശിച്ചു.