കേരളം
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ എട്ടുമുതല്‍ പരീക്ഷകള്‍ നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുത്തത്. പുതുക്കിയ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷകള്‍ തുടങ്ങാന്‍ ആറുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മാറ്റിയിരിക്കുന്നത്.
എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെക്കുമോ എന്നതില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാമതും കത്ത് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ നല്‍കിയ കത്തും കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ട്.
അവര്‍ക്ക് തെരഞ്ഞെടുപ്പ് പരിശീലനം മാര്‍ച്ച് മാസത്തില്‍ നടക്കുകയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഒപ്പം പരീക്ഷാചുമതലകളും ഒരുമിച്ച് വരുന്നതോടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്, പരീക്ഷകള്‍ നീട്ടിവെക്കണമെന്നാണ് ആവശ്യം ഉയര്‍ന്നത്. നിരവധി അധ്യാപക സംഘടനകളും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് ഇതിന് അനുകൂലമായ നിലപാട് വിദ്യാഭ്യാസ വകുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുകയായിരുന്നു.