കേരളം
പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; നാലു പ്രതികളെ തിരിച്ചറിഞ്ഞു
പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാലു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്റെ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വല്ലപ്പുഴ കടന്നതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ സഞ്ചരിച്ചത് ഉമ്മറും ഫിറോസുമാണ്. അക്രമി സംഘം വന്നതില്‍ ഒന്ന് ആക്ടിവ സ്‌കൂട്ടറാണ്. ഇതില്‍ വന്നത് അബ്ദുള്‍ ഖാദര്‍ ആണെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഈ ആക്ടിവ നഗരം വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അബ്ദുള്‍ ഖാദര്‍ മുമ്പ് ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ പ്രതിയാണെന്നും പൊലീസ് സൂചിപ്പിക്കുന്നു.
പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൊലയാളി സംഘം നഗരം വിട്ടോ എന്നും അന്വേഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 16-ാം തീയതിയാണ് ഉച്ചയ്ക്കാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘമാണ് കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ അറുമുഖന്‍, ശരവണന്‍, രമേശ് എന്നീ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കേണ്ടതുണ്ട്.