കേരളം
ശ്രീലങ്കൻ പ്രതിസന്ധി നേട്ടമാകും, വിഴിഞ്ഞം പോർട്ട് നിർമ്മാണം ഉടൻ പൂർത്തിയാക്കും: എംഡി
വിഴിഞ്ഞം പോർട്ട് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് എംഡിയും സിഇഒയുമായ രാജേഷ് ഝാ. ശ്രീലങ്കൻ പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിഴിഞ്ഞം പോർട്ടിന് കൂടുതൽ പ്രാധാന്യം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കരാർ ലംഘനവുമായി ബന്ധപ്പെട്ട് സംസാരിച്ച് പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പുനരധിവസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയം ദുരീകരിക്കുമെന്നും ചർച്ച ചെയ്ത് ആശങ്കകൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു വർഷത്തേക്ക് ആവശ്യമായ പാറക്കലുകൾ ഉറപ്പാക്കിയിട്ടുണ്ട്. എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് എന്ന നിലയിലാണ് വിഴിഞ്ഞം തുറമുഖത്തെ ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പദ്ധതിയുടെ നിർമ്മാണം വൈകി. അദാനി പോർട്സ് കമ്പനിയും വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട് ലിമിറ്റഡ് കമ്പനിയുമാണ് വിഴിഞ്ഞം തുറമുഖം പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
പദ്ധതിക്കെതിരെ വിഴിഞ്ഞത്തെ ജനങ്ങൾ കാലങ്ങളായി പ്രതിഷേധത്തിലാണ്. ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനത്തെ തുറമുഖ നിർമ്മാണം ബാധിക്കുന്നതും കര കൂടുതൽ കൂടുതൽ കടലെടുക്കുന്നതും പ്രതിഷേധത്തിന്റെ ശക്തി കൂട്ടുന്നു. തുറമുഖത്തിന് വേണ്ടി പാറകൾക്കായി കുന്നിടിക്കുന്നതും പ്രതിഷേധത്തിന് കാരണമാണ്.