കേരളം
കുരുക്ക് മുറുകുന്നു; ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും
വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കറിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം സ്പീക്കർക്കെതിരെയുള്ള പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം. സ്പീക്കർക്കായുള്ള ചോദ്യാവലിയടക്കം തയ്യാറാക്കിക്കഴിഞ്ഞു.
ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി. കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മിൽ നിന്ന് സ്പീക്കർ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തി. എന്നാൽ അതേ സമയം നയതന്ത്ര കള്ളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കസ്റ്റംസ് പറയുന്നു.
അതേസമയം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സ്പീക്കർ ഈ സിം ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. സിം കാർഡ് എടുക്കുമ്പോൾ തന്റെ കൈവശം തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ടാണ് നാസിന്റെ പേരിലുള്ള തിരിച്ചറിയാൽ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തതെന്നുമാണ് സ്പീക്കർ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സിം ഉപയോഗിക്കുന്നതെന്നും ഒരു പക്ഷേ സ്വപ്ന ഉൾപ്പെടെയുള്ള പ്രതികളെ താൻ വിളിച്ചിട്ടുണ്ടാകാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഈ സിം എടുത്തത്. ആ സമയത്ത് കയ്യില്‍ ഐഡി പ്രൂഫ് ഇല്ലാത്തതു കൊണ്ടാണു വേറൊരാളുടെ പേരില്‍ സിം എടുക്കേണ്ടിവന്നത്’. ഈ നമ്ബറില്‍നിന്നു സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ‘വിളിച്ചിട്ടുണ്ടാകും’ എന്നായിരുന്നു സ്പീക്കറുടെ മറുപടി. ‘മലബാറില്‍ നിന്നു പല ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കു വേണ്ടി സ്വപ്നയെ വിളിച്ചിട്ടുണ്ട്. പക്ഷേ, അവിഹിതമായി ഒന്നും ചെയ്തിട്ടില്ല. ആയിരം ഡോളര്‍ താന്‍ ഒന്നിച്ചു കണ്ടിട്ടില്ല. ഈ സിം കാര്‍ഡിന്റെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ക്കു തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ല. അവര്‍ വിളിച്ചാല്‍ പ്രോട്ടോക്കോള്‍ പാലിച്ചു തീരുമാനമെടുക്കും’ സ്പീക്കര്‍ പറഞ്ഞിരുന്നു.
അതേസമയം അട്ടക്കുളങ്ങര ജയിലിൽ വെച്ച് സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ ഭരണഘടനാപദവി വഹിക്കുന്നവർക്കും പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞിരുന്നു . ഇതിന് ശേഷം മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയെടുത്തപ്പോഴും സമാനമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. കസ്റ്റംസ് ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തി. ഈ മൊഴികളാണ് സ്പീക്കർക്കെതിരെ നിർണായകമായി മാറിയത്.
തന്റെ ശരീരഭാഷയില്‍ പ്രകടമാകുന്നത് ശരീരത്തിന്റെ ചില പ്രശ്‌നങ്ങളാണെന്നും അതു മനസ്സിന്റെ ഭാഷയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം തോന്ന്യാസം തന്നെയാണു കാട്ടിയത്. രമേശ് ചെന്നിത്തലയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കണമെന്നു കരുതിയതല്ല. അദ്ദേഹം തന്നെക്കൊണ്ടു പറയിച്ചതാണ്. അത്ര മാരകമായ ആക്ഷേപങ്ങളാണ് ആരോ പറയുന്നതു കേട്ടു തനിക്കെതിരെ ഉന്നയിച്ചത്. തിരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരിക്കുന്നുണ്ടെങ്കില്‍ അതു പൊന്നാനിയില്‍ തന്നെ ആയിരിക്കണം എന്നാണ് ആഗ്രഹമെന്നും പാര്‍ട്ടിയാണു തീരുമാനിക്കേണ്ടതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ശിവശങ്കറിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ഇതിനൊപ്പം ശ്രീരാമകൃഷ്ണന്റെ ഇടപെടലുകളും സസൂക്ഷ്മ പരിശോധിക്കുകയാണ്. കേസിലെ പ്രതികളായ സ്വപ്നാ സുരേഷിന്റേയും സരിത്തിന്റേയും മൊഴി സ്പീക്കര്‍ക്ക് എതിരാണ്. ഇതിനൊപ്പം ആക്സിസ് ബാങ്ക് മാനേജരായിരുന്ന ശേഷാന്ദ്രിയും സ്പീക്കര്‍ക്കെതിരെ മൊഴി കൊടുത്തുവെന്നാണ് സൂചന.