കേരളം
ശ്രീറാമിന്റെ അനധികൃത ഇടപെടലുകള്‍: ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം
തിരുവനന്തപുരം ആരോഗ്യവകുപ്പില്‍ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിന്റെ അനധികൃത ഇടപെടലുകള്‍ക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം. ആരോഗ്യ സെക്രട്ടറിയെയും ഡി.എച്ച്.എസിനെയും മറികടന്ന് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ജീവനക്കാരില്‍ ഒരുവിഭാഗം ആരോപിക്കുന്നത്. ഇടപെടലുകള്‍ക്ക് കൂട്ടുനിന്നില്ലെങ്കില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ജീവനക്കാര്‍ക്കു പരാതിയുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കോവിഡ് നോഡല്‍ ഓഫിസറായ ഡോക്ടറെയും നഴ്സുമാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മറ്റുള്ള മെഡിക്കല്‍ കോളജുകളിലെ നോഡല്‍ ഓഫിസര്‍മാരും സ്ഥാനം ഒഴിയുകയാണ്. ഈ വിഷയത്തില്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചത് ശ്രീറാമിന്റെ നേതൃത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണെന്ന് ആരോപണമുണ്ട്. സര്‍ക്കാര്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതിനും നിയമിച്ച നഴ്സുമാര്‍ രോഗിയെ പരിചരിക്കാത്തതിനും നോഡല്‍ ഓഫിസര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ എന്തു തെറ്റു ചെയ്തെന്നാണു ഡോക്ടര്‍മാര്‍ ചോദിക്കുന്നത്.
ജനുവരി മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ പലയിടത്തും ജീവനക്കാര്‍ ആവശ്യത്തിനില്ലെന്ന പരാതിപോലും അധികൃതര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അവര്‍ പറയുന്നു. കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതലയാണ് ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീറാമിന്. ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതായും ഫയലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതായും ആക്ഷേപമുണ്ട്.