ആരോഗ്യം
ടി.പി.ആർ. പത്തിൽ കൂടുതലുള്ള ജില്ലകൾക്ക് പ്രത്യേക മാർഗരേഖ, രണ്ടാംതരംഗം അവസാനിച്ചിട്ടില്ല
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 46,617 ആയി കുറഞ്ഞെങ്കിലും രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിൽ കൂടുതലുള്ള 71 ജില്ലകളുണ്ടെന്നും ജാഗ്രത തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.
അവിടങ്ങളിൽ കർശനനിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. ടി.പി.ആർ. പത്തിൽ കൂടുതലുള്ള ജില്ലകൾക്കായി കേന്ദ്രം പ്രത്യേക മാർഗരേഖ നൽകിയിട്ടുണ്ട്. ഈ ജില്ലകളിലെ ആശുപത്രികളിൽ 60 ശതമാനത്തിലധികം കിടക്കകളിൽ രോഗികളുണ്ടെങ്കിൽ രണ്ടാഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. തീവ്രവ്യാപനമുള്ള ജില്ലകളിൽ മൈക്രോ ക്ലസ്റ്ററുകളും മൈക്രോ കൺടെയിൻമെന്റും ഏർപ്പെടുത്തണം. ജില്ലാ അധികൃതരെ സഹായിക്കാൻ സംസ്ഥാനസർക്കാർ പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തണം.
കേരളത്തിലടക്കം ചില ജില്ലകളിൽ രോഗവ്യാപനം ഉയർന്നുതന്നെ നിൽക്കാൻ ഒന്നിലധികം കാരണങ്ങളുണ്ടാകും. വൈറസിന്റെ വ്യാപനരീതി മാത്രമല്ല, ജനങ്ങളുടെ ജാഗ്രതക്കുറവ്, രോഗം നിയന്ത്രിക്കാൻ സർക്കാരുകൾ കൈക്കൊള്ളുന്ന നടപടികൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ അതിനുപിന്നിലുണ്ടാകാം. ഈ സംസ്ഥാനങ്ങൾ മറ്റു ജില്ലകളിൽ കോവിഡിനെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ഇപ്പോൾ വൈറസ്‌വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും അതിനെ നിയന്ത്രിക്കാൻ സാധിക്കും.
കോവിഡിനെതിരായ പോരാട്ടം നൂറുമീറ്റർ ഓട്ടമല്ല, മറിച്ച് മാരത്തൺ ആണ്. ഏതെങ്കിലും പ്രദേശങ്ങളിൽ രോഗം ശമിക്കാതെ വന്നാൽ രാജ്യം കോവിഡ് മുക്തമാവില്ല. രോഗം തീരെ കുറഞ്ഞ പല രാജ്യങ്ങളിലും അത് കൂടിവരുന്ന പ്രവണതയാണ് കാണുന്നത്. ഇതെല്ലാം കണക്കിലെടുത്ത് കൂട്ടായ ശ്രമമാണ് വേണ്ടതെന്ന് ഡോ. വി.കെ. പോൾ പറഞ്ഞു.
വാക്സിനെടുക്കുന്നതിൽ വിമുഖത കാട്ടരുത്. പഞ്ചാബിൽ പോലീസുകാർക്കിടയിൽ നടത്തിയ പഠനത്തിന്റെ ഡേറ്റ വാക്സിൻ സുരക്ഷിതത്വത്തിന് തെളിവാണ്. വാക്സിൻ സ്വീകരിക്കാത്ത 4868 പോലീസുകാരിൽ 15 പേർ മരിച്ചു. ആയിരത്തിൽ മൂന്നുപേർ എന്ന തോതിൽ. ഒരു ഡോസ് എടുത്ത 35,856 പേരിൽ ഒമ്പതുപേരും(ആയിരത്തിൽ 0.25 പേർ) രണ്ടു ഡോസ് എടുത്ത 42,720 പേരിൽ രണ്ടുപേരും(ആയിരത്തിൽ 0.05 പേർ)മരിച്ചു. ഒരു ഡോസ് എടുത്തവർക്ക് 92 ശതമാനവും രണ്ടു ഡോസ് എടുത്തവർക്ക് 98 ശതമാനവും ആണ് സുരക്ഷിതത്വമെന്ന് ഡോ. പോൾ പറഞ്ഞു.
#BreakTheChain #KeralaFightsCorona #IndiaFightsCorona #CitizenCare
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചും പ്രതിരോധത്തിന് തയ്യാറാവണമെന്ന് സിറ്റിസൺ കേരള അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.