കേരളം
ഡോളർക്കടത്ത് കേസ്; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു
ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. പ്രാഥമികമായ ചോദ്യം ചെയ്യൽ ഇന്നലെ നടന്നു. തെരഞ്ഞെടുപ്പിന് ശേഷം കസ്റ്റംസിന് മുന്നിൽ ഹാജരാകാമെന്ന് അറിയിച്ചെങ്കിലും സ്പീക്കർ എത്താത്തതിനെ തുടർന്നാണ് കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ചോദ്യം ചെയ്തത്.
കോൺസുൽ ജനറൽ മുഖേന പലതവണ വിദേശത്തേക്ക് സ്വർണം കടത്തിയതായി സ്വപ്നയും സന്ദീപും മൊഴിനൽകിയിരുന്നു.ഈ കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പങ്കുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു. സ്പീക്കറുടെ വിശദമായ ചോദ്യം ചെയ്യൽ നാളെ തന്നെ നടക്കുമെന്നും സൂചനയുണ്ട്. ഡോളർ കടത്തു കേസിൽ ഇനി മെല്ലെപ്പോക്ക് വേണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്. സ്പീക്കറെ കൂടുതൽ കുരുക്കിലാക്കുന്ന തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പോളിംങിന് ശേഷം ഹാജരാകാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതേത്തുടർന്ന് രണ്ടാമതും സമൻസ് അയച്ചു. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകണമെന്നായിരുന്നു സമൻസിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, സുഖമില്ലെന്ന് പറഞ്ഞ് ഹാജരായില്ല. ഇതോടെയാണ് കസ്റ്റംസ് സ്പീക്കറുടെ വസതിയിൽ നേരിട്ടെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തത്.
യു എ ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിതിൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. ഗൾഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും ഡോളർക്കടത്ത് സ്പീക്കറും അറിഞ്ഞുകൊണ്ടാണെന്നുമായിരുന്നു പ്രതികൾ മൊഴി നൽകിയത്.