കേരളം
സില്‍വര്‍ ലൈനില്‍ സാമൂഹികാഘാത പഠനം, ആദ്യം കണ്ണൂരില്‍; വിജ്ഞാപനം ഇറങ്ങി
കാസര്‍കോട്- തിരുവനന്തപുരം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സാമൂഹികാഘാത പഠനം നടത്തുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കണ്ണൂര്‍, പയ്യന്നൂര്‍, തലശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടത്തുന്നത്. ഇതിനായി കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി.
കണ്ണൂരില്‍ അതിരടയാള കല്ലിടല്‍ വേഗത്തില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ആദ്യം ഇവിടെ സാമൂഹികാഘാത പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 9 വില്ലേജുകളില്‍ കല്ലിടല്‍ പൂര്‍ത്തിയായി. ഏകദേശം 61 കിലോമീറ്റര്‍ ദൂരത്താണ് കല്ലിട്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 106 ഹെക്ടര്‍ ഭൂമിയാണ് കണ്ണൂരില്‍ ഏറ്റെടുക്കേണ്ടത്. 100 ദിവസത്തിനകം സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാനാണ് കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ഭൂമിയിലെ സര്‍വ്വേ നമ്പറുകള്‍ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ സര്‍വ്വേ നമ്പറുകളിലെ വീട്ടുകാരെ വിളിച്ച് വിവരങ്ങള്‍ തേടുന്നത് അടക്കമുള്ള നടപടികളാണ് സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ചെയ്യുക. പദ്ധതി ബാധിക്കുന്ന കുടുംബങ്ങള്‍ എത്രയാണ്?, പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്?, മാറ്റിപ്പാര്‍പ്പിക്കുന്ന കുടുംബങ്ങള്‍ എത്രയാണ്?, സ്വകാര്യഭൂമി എത്ര?, സര്‍ക്കാര്‍ ഭൂമി എത്ര? തുടങ്ങി വിവിധ വശങ്ങള്‍ പഠനത്തിന്റെ ഭാഗമാക്കുമെന്നാണ് റിപ്പോര്‍ട്ട്.